ഇന്‍ഡോര്‍: ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കി പഞ്ചാബ് ഓപ്പണര്‍ അഭിഷേക് ശര്‍മ. വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് അഭിഷേകിന്റെ റെക്കോഡ് നേട്ടം. 

42 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച അഭിഷേക് 49 പന്ത് നേരിട്ട് ഒമ്പത് സിക്‌സും എട്ട് ഫോറുമടക്കം 104 റണ്‍സെടുത്തു. 

ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരെ മറികടന്നാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന നേട്ടം അഭിഷേക് സ്വന്തമാക്കിയത്.

2013-ല്‍ ഓസ്‌ട്രേലിയക്കെതിരേ 52 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച വിരാട് കോലിയുടെ പേരിലായിരുന്നു ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോഡ്. പിന്നീട് ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയില്‍ 50 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച സൂര്യകുമാര്‍ യാദവ്, കോലിയെ മറികടന്നിരുന്നു. ഇപ്പോഴിതാ ഇരുവരെയും മറികടന്ന് അഭിഷേക് ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

പക്ഷേ മത്സരത്തില്‍ പഞ്ചാബ് 105 റണ്‍സിന് തോറ്റു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് സെഞ്ചുറി നേടിയ വെങ്കടേഷ് അയ്യരുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 420 റണ്‍സെടുത്തിരുന്നു. 146 പന്തുകള്‍ നേരിട്ട വെങ്കടേഷ് ഏഴു സിക്‌സും 20 ഫോറുമടക്കം 198 റണ്‍സെടുത്തിരുന്നു. ഇരട്ട സെഞ്ചുറിക്ക് രണ്ടു റണ്‍സകലെ താരം റണ്ണൗട്ടാകുകയായിരുന്നു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 297 റണ്‍സിന് ഓള്‍ഔട്ടായി. 

Content Highlights: Abhishek Sharma surpasses Virat Kohli 2nd fastest ton in List A cricket