കൊളംബോ: വംശീയ അധിക്ഷേപത്തിനെതിരെ വൈകാരികമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിനവ് മുകുന്ദ്.  നിറത്തിന്റെ പേരില്‍ താന്‍ നേരിട്ട കയ്പു നിറഞ്ഞ അനുഭവങ്ങള്‍ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അഭിനവ് മുകുന്ദ് ആരാധകരുമായി പങ്കുവെച്ചത്. സൗന്ദര്യമെന്ന് പറഞ്ഞാല്‍ വെളുത്ത നിറം മാത്രമല്ലെന്നും അഭിനവ് ട്വീറ്റില്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള താരമാണ് ഇരുപത്തിയേഴുകാരനായ അഭിനവ്. 

ആളുകള്‍ ഇത്രത്തോളം വര്‍ണവെറിയന്‍മാരായത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരു കാലത്ത് എല്ലാവരുടെയും മനസ്സ് മാറുമെന്നാണ് പ്രതീക്ഷയെന്നും അഭിനവ് ട്വീറ്റില്‍ കുറിച്ചു. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ശ്രീലങ്കന്‍ പര്യടനത്തിലാണ് ഇരുപത്തിയേഴുകാരന്‍.

'പത്താം വയസ്സ് മുതല്‍ ഞാന്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഞാനിപ്പോള്‍ നില്‍ക്കുന്നിടത്തേക്ക് പടിപടിയായി കയറി വന്നവനാണ് ഞാന്‍. ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നത് ബഹുമതിയായി കാണുന്നു. ഇപ്പോള്‍ ഞാനിതെഴുതുന്നത് ശ്രദ്ധ കിട്ടാനോ ആളുകളുടെ സഹതാപം നേടാനോ അല്ല. ഇത് വായിക്കുന്നതിലൂടെ ആളുകളുടെ ചിന്തയില്‍ അല്‍പമെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതിയാണ്.' ട്വീറ്റ് ഇങ്ങനെയാണ് അഭിനവ് തുടങ്ങുന്നത്.

Abhinav Mukund
അഭിനവ് മുകുന്ദ് ചെറുപ്പത്തില്‍

കറുത്ത നിറമായതിനാല്‍ ആളുകള്‍ തന്നെ എത്രത്തോളം മോശമായ രീതിയിലാണ് കണ്ടിരുന്നതെന്നും ട്വീറ്റില്‍ അഭിനവ് ചൂണ്ടിക്കാട്ടുന്നു '' 15 വയസ്സ് മുതല്‍ ഞാന്‍ രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാന്‍ തുടങ്ങിയതാണ്. ചെറുപ്പത്തില്‍ തന്നെ വര്‍ണവെറിക്ക് ഞാന്‍ ഇരയായിട്ടുണ്ട്. പക്ഷേ അതെന്തുകൊണ്ടാണെന്ന് അന്നെനിക്ക് നിഗൂഢമായ ഒരു കാര്യമായിരുന്നു. ഒരുപക്ഷേ ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക് അത് മനസ്സിലായേക്കും. ദിവസങ്ങളോളം കത്തുന്ന വെയിലില്‍ ഞാന്‍ പരിശീലനം തുടര്‍ന്നിട്ടുണ്ട്. ചൂടേറ്റാല്‍ എന്റെ തൊലി കൂടുതല്‍ കറുക്കുമെന്നത് എന്നെ ബാധിക്കുന്ന കാര്യമായിരുന്നില്ല. ഒരു തവണ പോലും ആ കാര്യത്തില്‍ കുറ്റബോധം തോന്നിയിട്ടില്ല.

ഞാന്‍ ചെയ്യുന്നതിനെ ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. അപ്പോള്‍ അങ്ങനെയൊരു കുറ്റബോധത്തിന്റെയോ സങ്കടത്തിന്റെയോ ആവശ്യമില്ല. ചില നേട്ടങ്ങളിലെത്താന്‍ വെയിലത്തു കഠിനധ്വാനം ചെയ്യേണ്ടി വരും. ഞാന്‍ ചെന്നൈയില്‍ നിന്നാണ് വരുന്നത്. ഇന്ത്യയിലെ ഏറ്റവും ചൂടു കൂടിയ സ്ഥലങ്ങളിലൊന്നാണത്. എന്റെ യൗവനം മുഴുവന്‍ ഞാന്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചെലവഴിച്ചത്' 

കറുത്ത തൊലിയുടെ പേരില്‍ ആളുകള്‍ തന്നെ പല പേരുകളും വിളിച്ചിരുന്നുവെന്നും അഭിനവ് ട്വീറ്റില്‍ വെളിപ്പെടുത്തിന്നു. 'ആളുകള്‍ നിറവുമായി ബന്ധപ്പെട്ട പേരില്‍ എന്നെ അഭിസംബോധന ചെയ്യുമ്പോള്‍ തോളു കുലുക്കി ചിരിച്ചുകൊണ്ട് അതിനെ തള്ളിക്കളയുകയാണ് പതിവ്. കാരണം എന്റെ മുന്നില്‍ ഒരു വലിയ ലക്ഷ്യമുണ്ടായിരുന്നു. അത്തരം അനുഭവങ്ങളിലൂടെ ഞാന്‍ കൂടുതല്‍ ശക്തനാവുകയാണ് ചെയ്തത്. പ്രതിസനന്ധി ഘട്ടത്തിലും പിടിച്ചു നില്‍ക്കാന്‍ അതെന്നെ പഠിപ്പിച്ചു. ആളുകളുടെ ഇത്തരം പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കി മഹത്‌വല്‍ക്കരിക്കാന്‍ ഞാന്‍ ഒരിക്കല്‍ പോലും ശ്രമിച്ചിട്ടില്ല.'

ഇപ്പോള്‍ ഇങ്ങനെയൊരു ട്വീറ്റ് ചെയ്യുന്നത് തനിക്ക് വേണ്ടി മാത്രമല്ലെന്നും തന്നെപ്പോലെ അനുഭവം നേരിട്ട പലര്‍ക്കു വേണ്ടിയാണെന്നും അഭിനവ് പറയുന്നു. സോഷ്യല്‍ മീഡിയ വന്നതോടെ ഇത്തരം വംശ, വര്‍ണ വെറികള്‍ കൂടി. വെളുത്ത നിറം മാത്രമല്ല സൗന്ദര്യം. നിങ്ങളുടെ നിറത്തെ ഓര്‍ത്ത് സങ്കടപ്പെടേണ്ട. മറിച്ച് ലക്ഷ്യത്തിലെത്താന്‍ സത്യസന്ധമായി പരിശ്രമിക്കുക. അഭിനവ് കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയയില്‍ നിന്നോ ഇന്ത്യന്‍ ടീമില്‍ നിന്നോ അഭിനവിന് വര്‍ണവെറി നേരിട്ടോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഈ ട്വീറ്റിനെ കുറിച്ച് ഇതുവരെ ഇന്ത്യന്‍ ടീമംഗങ്ങളില്‍ ആരും പ്രതികരിച്ചിട്ടില്ല.