ഹൈദരാബാദ്:  ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ നേടിയ നേട്ടങ്ങള്‍ ആരും മറന്നിട്ടുണ്ടാവില്ല. ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തി ചരിത്രം സൃഷ്ടിച്ച താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയിരുന്നു. പ്രത്യേകിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്.

വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ മിതാലിയുടെ പങ്ക് വളരെ നിര്‍ണായകവുമാണ്. എന്നാല്‍ ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനും സൈറ വസീമിനും മിതാലിയെ അറിയില്ല. ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടിട്വന്റിക്കിടയിലാണ് ഇരുവരും ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആരെന്നുള്ള അവതാരകന്റെ ചോദ്യത്തിന് ഉത്തരമറിയാതെ വെള്ളം കുടിച്ചത്.

വിരാട് കോലിയുടെ ക്ഷണപ്രകാരമാണ് ആമിറും സൈറയും ഹൈദരാബാദില്‍ കളി കാണാനെത്തിയത്. മത്സരം മഴ മൂലം ഉപേക്ഷിച്ചെങ്കിലും ആമിറിനെയും സൈറയേയും വെറുതെ വിടാന്‍ അവതാരകന്‍ ജതിന്‍ സപ്രു ഒരുക്കമില്ലായിരുന്നു. ജതിന്റെ ആദ്യത്തെ ചോദ്യത്തിന് സൈറയും ആമിറും ശരിയായ ഉത്തരം നല്‍കി. എന്നാല്‍ രണ്ടാമത്തെ ചോദ്യം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആരാണ് എന്നായിരുന്നു.

ഇതോടെ സൈറയും ആമിറും പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്റെ നാവിന്‍ തുമ്പിലുണ്ട്, പക്ഷേ കിട്ടുന്നില്ല എന്നായിരുന്നു ആമിറിന്റെ ഉത്തരം. അതേസമയം അറിയില്ല എന്ന് പറഞ്ഞ് സൈറ നേരത്തെ തന്നെ പരാജയം സമ്മതിച്ചു. ഒടുവില്‍ മിതാലി രാജാണ് ആ ക്യാപ്റ്റനെന്ന് ഇരുവര്‍ക്കും അവതാരകന്‍ പറഞ്ഞുകൊടുക്കേണ്ടി വന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ വിരാട് കോലിയുടെ സ്‌റ്റൈലാണ് താന്‍ എപ്പോഴും ശ്രദ്ധിക്കാറുള്ളതെന്ന് ആമിര്‍ പറഞ്ഞു. സൈറയുടെയും ഇഷ്ടതാരം കോലിയാണ്.