ക്രിക്കറ്റിന്റെ കാപ്‌സ്യൂള്‍ രൂപമായ ട്വന്റി 20-യില്‍ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനേക്കാള്‍ വിനാശകാരിയായ ഒരു ബാറ്റ്‌സ്മാന്‍ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. ആ പ്രസ്താവനയ്ക്ക് അടിവരയിടുന്ന പ്രകടനമാണ് ഇന്നേയ്ക്ക് കൃത്യം ഏഴു വര്‍ഷം മുമ്പ് അതായത് 2013 ഏപ്രില്‍ 23-ന് ബെംഗളൂരു ചിന്നസ്വാമിയില്‍ ഈ വെടിക്കെട്ട് വീരന്‍ പുറത്തെടുത്തത്.

2013 ഐ.പി.എല്‍ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടിയാണ് ഗെയ്ല്‍ ചിന്നസ്വാമിയില്‍ ആറാടിയത്. അതില്‍ തകര്‍ന്നടിഞ്ഞതോ പാവം പുണെ വാരിയേഴ്‌സും.

66 പന്തില്‍ നിന്ന് 17 സിക്‌സും 13 ഫോറുമടക്കം 175 റണ്‍സാണ് ഗെയ്ല്‍ അന്ന് അടിച്ചുകൂട്ടിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും ഗെയ്‌ലിന് സ്വന്തമായി. അന്ന് ആ ബാറ്റില്‍ നിന്ന് റണ്‍സ് പിറക്കാതിരുന്നത് വെറും ഏഴു പന്തുകളില്‍ മാത്രമാണ്.

7 years ago this day Chris Gayle hits fastest hundred in cricket history during IPL

വെറും 30 പന്തില്‍ നിന്ന് മൂന്നക്കം കടന്ന ഗെയ്ല്‍ ട്വന്റി 20-യിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും അന്ന് സ്വന്തമാക്കി. 2004-ല്‍ 34 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ ഓസീസ് താരം ആന്‍ഡ്രു സൈമണ്ട്‌സിന്റെ റെക്കോഡാണ് മറികടന്നത്.

2010-ല്‍ കൊല്‍ക്കത്തയുടെ യൂസഫ് പഠാൻ കുറിച്ച 37 പന്തിലെ സെഞ്ചുറിയെന്ന ഐ.പി.എല്‍ റെക്കോഡും ഗെയ്ല്‍ പഴങ്കഥയാക്കി.

ഗെയ്‌ലിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ മികവില്‍ റോയല്‍ ചാലഞ്ചേഴ്സ് സ്വന്തമാക്കിയത് അഞ്ചിന് 263 റണ്‍സെന്ന റെക്കോഡ് സ്‌കോറാണ്. മറുപടി ബാറ്റിങ്ങില്‍ പുണെ 133-ല്‍ ഒതുങ്ങിയതോടെ 130 റണ്‍സിന്റെ വമ്പന്‍ ജയവും റോയല്‍ ചാലഞ്ചേഴ്സ് സ്വന്തമാക്കി.

Content Highlights: 7 years ago this day Chris Gayle hits fastest hundred in cricket history during IPL