ആവേശത്തിന് ഒട്ടും കുറവില്ലാത്തതാണ് ഇന്ത്യ - പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍. അത് ലോകകപ്പിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇത്തരത്തില്‍ 1992-ലോകകപ്പിലെ ഇന്ത്യ - പാകിസ്താന്‍ മത്സരവും ആവേശം ഒട്ടും കുറയ്ക്കാത്തതായിരുന്നു. അന്ന് സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് നടന്ന മത്സരം പാക് താരം ജാവേദ് മിയന്‍ദാദിന്റെ 'തവളച്ചാട്ടം' കാരണമാണ് പ്രസിദ്ധമായത്. ആ തവളച്ചാട്ടത്തിന് ഇന്ന് 27 വയസ് തികയുകയാണ്.

മാര്‍ച്ച് നാലിന് ഇന്ത്യ 43 റണ്‍സിന് ജയിച്ച മത്സരമായിരുന്നു അത്. ഇതിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെയെ പരിഹസിച്ചാണ് ജാവേദ് മിയന്‍ദാദ് തവളച്ചാട്ടം അനുകരിച്ചത്. ക്രിക്കറ്റ് ലോകത്തിനു തന്നെ നാണക്കേടുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സച്ചിന്റെ അര്‍ധ സെഞ്ചുറി (54)യുടെയും 26 പന്തില്‍ നിന്ന് 35 റണ്‍സടിച്ച കപില്‍ ദേവിന്റെയും മികവില്‍ 49 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. പാക് ടീമിന്റെ കുറഞ്ഞ ഓവര്‍ റേറ്റ് കാരണം മത്സരത്തിലെ ഒരു ഓവര്‍ വെട്ടിച്ചുരുക്കുകയായിരുന്നു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ രണ്ടിന് 17 എന്ന നിലയില്‍ തകര്‍ച്ചയെ മുന്നില്‍ കാണുമ്പോഴാണ് ആമിര്‍ സൊഹൈലിനൊപ്പം (62) മിയാന്‍ദാദ് (40) ക്രീസിലെത്തുന്നത്. പാക് സ്‌കോര്‍ 85-ല്‍ എത്തിയപ്പോഴാണ് മോറെയും മിയാന്‍ദാദും കോര്‍ക്കുന്നത്. വിക്കറ്റിനു പിന്നില്‍ നിന്ന് മോറെ ഇടയ്ക്കിടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പാക് താരങ്ങള്‍ക്കെതിരേ അപ്പീല്‍ ചെയ്യുമ്പോഴെല്ലാം മോറെ ഒരു പ്രത്യേക രീതിയില്‍ ചാടുന്നുണ്ടായിരുന്നു. 

ഇത് മിയാന്‍ദാദിനെ ചൊടിപ്പിച്ചു. സച്ചിന്‍ പന്തെറിയാനെത്തിയപ്പോള്‍ മാറിനിന്ന മിയാന്‍ദാദ് മോറെയെ നോക്കി എന്തോ പറയുകയും അമ്പയറോട് പരാതിപ്പെടുകയും ചെയ്തു. സച്ചിന്റെ അടുത്ത പന്ത് കവറിലേക്കു കളിച്ച മിയാന്‍ദാദിന് റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. തൊട്ടുപിന്നാലെ മോറെയുടെ കമന്റെത്തി. ഇതോടെ മോറെയെ മോശമായി അനുകരിച്ച് മിയാന്‍ദാദ് മൂന്നു തവണ ചാടുകയായിരുന്നു. ഒടുവില്‍ മത്സരം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

Content Highlights: 4th march 1992 when miandad mocked Kiran More at scg