സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ പ്രകടനത്തിലൂടെ കൈയടി നേടുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. 

ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് ഇന്ത്യ 338-ന് അവസാനിപ്പിച്ചപ്പോള്‍ അതില്‍ നാലു വിക്കറ്റുമായി തിളങ്ങിയത് ജഡേജയായിരുന്നു. 

18 ഓവര്‍ എറിഞ്ഞ ജഡേജ 62 റണ്‍സ് വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. 

ഇതോടൊപ്പം സ്റ്റീവ് സ്മിത്തിനെ നേരിട്ടുള്ള ഒരു ത്രോയില്‍ റണ്ണൗട്ടാക്കി ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചതും ജഡേജ തന്നെ. 

4 wickets stunning run out of Steve Smith Ravindra Jadeja star of day 2

രണ്ടാം ദിനം സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറുകയായിരുന്ന മാര്‍നസ് ലബുഷെയ്ന്‍ - സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട് പൊളിച്ച് വിക്കറ്റ് വേട്ട തുടങ്ങിവെച്ചതും ജഡേജ തന്നെ. 

196 പന്തില്‍ നിന്ന് 11 ബൗണ്ടറികളടക്കം 91 റണ്‍സെടുത്ത ലബുഷെയ്‌നെ ജഡേജ, രഹാനെയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ മാത്യു വെയ്ഡിനെ നിലയുറപ്പിക്കും മുമ്പും ജഡേജ പുറത്താക്കി. പാറ്റ് കമ്മിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവരാണ് തുടര്‍ന്ന് ജഡേജയ്ക്ക് ഇരയായവര്‍.

ഇതിനേക്കാളെല്ലാം ജഡ്ഡു കൈയടി നേടുന്നത് അവസാന നിമിഷം തകര്‍ത്തടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച സ്മിത്തിനെ റണ്ണൗട്ടാക്കിയതിനാണ്. 

സ്‌ക്വയര്‍ ലെഗ്ഗിലേക്ക് കളിച്ച പന്തില്‍ രണ്ടാം റണ്ണിനായുള്ള ശ്രമത്തിലാണ് ജഡേജ നേരിട്ടുള്ള ത്രോയില്‍ സ്മിത്തിന്റെ വിക്കറ്റ് തെറിപ്പിക്കുന്നത്. 

Content Highlights: 4 wickets stunning run out of Steve Smith Ravindra Jadeja star of day 2