ക്രിക്കറ്റിന്റെ റെക്കോഡ് ബുക്കെടുത്താല്‍ അതില്‍ ഏറ്റവും കൂടുതല്‍ പതിഞ്ഞ പേരുകളിലൊന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടേത് തന്നെയായിരിക്കും. 24 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ അദ്ദേഹം സ്വന്തമാക്കാത്ത ബാറ്റിങ് റെക്കോഡുകള്‍ ചുരുക്കമാണ്.

അത്തരത്തില്‍ ഒരു റെക്കോഡ് നേട്ടത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്റെ പേര് എഴുതിച്ചേര്‍ത്തിട്ട് വ്യാഴാഴ്ച 25 വര്‍ഷം തികയുകയാണ്.

ഏകദിനത്തില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സച്ചിന്‍ സ്വന്തമാക്കിയത് ഈ ദിവസമാണ്.

1995-ല്‍ ഷാര്‍ജയില്‍ നടന്ന ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു സച്ചിന്റെ ഈ നേട്ടത്തിലെത്തിയത്. 22-ാം പിറന്നാളിന് 15 ദിവസം മാത്രം ബാക്കിനില്‍ക്കെയായിരുന്നു സച്ചിന്റെ ഈ നേട്ടം.

അന്ന് സെഞ്ചുറിയോടെ അദ്ദേഹം ഈ റെക്കോഡ് നേട്ടം ആഘോഷമാക്കുകയും ചെയ്തു.

മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ലങ്ക നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍മാരായ സച്ചിനും മനോജ് പ്രഭാകറും ചേര്‍ന്ന് 161 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ തന്നെ ഇന്ത്യ വിജയമുറപ്പിച്ചു. 60 റണ്‍സെടുത്ത് പ്രഭാകര്‍ പുറത്തായെങ്കിലും 15 ഫോറും ഒരു സിക്‌സുമടക്കം 112 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സച്ചിന്‍ 16.5 ഓവര്‍ ബാക്കിനില്‍ക്കെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

Content Highlights: On this day 25 years ago Sachin Tendulkar became the youngest to scale Mount 3000