ഒരിന്നിങ്‌സിലെ 10 വിക്കറ്റുകളും ഒരു ബൗളര്‍ തന്നെ സ്വന്തമാക്കുകയെന്ന അപൂര്‍വ നേട്ടത്തിന് ക്രിക്കറ്റ് ലോകം രണ്ടാം തവണ സാക്ഷിയായിട്ട് ഇന്നേക്ക് 22 വര്‍ഷം.
1999 ഫെബ്രുവരി ഏഴിന് ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തി ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയാണ് ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ടാം തവണ ആ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. പാകിസ്താനെതിരെയായിരുന്നു കുംബ്ലെയുടെ നേട്ടം.
ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം വേദിയായ മത്സരം ഇന്ത്യ 212 റണ്‍സിന് ജയിക്കുകയും ചെയ്തു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്താന്‍ ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ വിജയം അനിവാര്യമായിരുന്ന ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 252 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ പാകിസ്താനെ 172 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. നാല് വിക്കറ്റെടുത്ത കുംബ്ലെ തന്നെയായിരുന്നു വിക്കറ്റ് വേട്ടയില്‍ മുന്നില്‍.
രണ്ടാമിന്നിങ്സില്‍ 339 റണ്‍സെടുത്ത ഇന്ത്യ പാകിസ്താന് മുന്നില്‍വെച്ചത് 420 റണ്‍സ് വിജയലക്ഷ്യം. പാകിസ്താന്‍ മികച്ച തുടക്കമാണ് ലഭിച്ചത്. ഷാഹിദ് അഫ്രീദിയും സയീദ് അന്‍വറും ഓപ്പണിങ് വിക്കറ്റില്‍ 101 റണ്‍സെടുത്തു.
#OnThisDay in 1999, #TeamIndia spin legend @anilkumble1074 became the first Indian bowler and second overall to scalp all the 10 wickets in a Test innings. 👏👏
— BCCI (@BCCI) February 7, 2021
Watch that fantastic bowling display 🎥👇 pic.twitter.com/OvanaqP4nU
ആദ്യം 41 റണ്‍സുമായി അഫ്രീദി മടങ്ങിയപ്പോള്‍ പാകിസ്താന്‍ അപകടമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ ഇജാസ് അഹമ്മദും മടങ്ങി. പിന്നീട് ഏതാനും ഓവറുകള്‍ക്കു ശേഷം തിരിച്ചെത്തിയ കുംബ്ലെ ഇന്‍സമാമിനെ പുറത്താക്കി. അതോടെ പാകിസ്താന്‍ വിറച്ചു. ഒടുവില്‍ സ്‌കോര്‍ 207-ല്‍ പത്താമനായി അക്രം പുറത്തായതോടെ കുംബ്ലെയ്ക്ക് സ്വപ്നതുല്യമായ നേട്ടം സ്വന്തം.
ഇംഗ്ലണ്ടിന്റെ ജിം ലേക്കറിനു ശേഷം ടെസ്റ്റിലെ ഒരു ഇന്നിങ്സിലെ മുഴുവന്‍ വിക്കറ്റുകളും സ്വന്തമാക്കുന്ന താരമെന്ന നേട്ടം അതോടെ കുംബ്ലെയ്ക്ക് സ്വന്തം. 1956-ല്‍ ഓസീസിനെതിരെയായിരുന്നു ജിം ലേക്കറിന്റെ നേട്ടം.
ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ വിക്കറ്റെടുത്ത കുംബ്ലെ 2008 ലാണ് വിരമിച്ചത്. 132 ടെസ്റ്റില്‍ നിന്ന് 619 വിക്കറ്റ് സ്വന്തമാക്കിയ കുംബ്ലെ പിന്നീട് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തുമെത്തി.
Content Highlights: 22 years ago on this day Anil Kumble Became Second Bowler To Take 10 Wickets