ന്യൂഡല്‍ഹി: 2007 ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ  - പാകിസ്താന്‍ ഗ്രൂപ്പ് മത്സരം ക്രിക്കറ്റ് പ്രേമികള്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ സാധ്യതയില്ല. ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു അത്. നിശ്ചിത ഓവറില്‍ ഇരു ടീമുകളും 141 റണ്‍സ് വീതം നേടി മത്സരം ടൈ ആയതോടെ വിജയികളെ തീരുമാനിക്കാന്‍ ബൗള്‍ ഔട്ട് വേണ്ടിവന്നു.

ഫുട്‌ബോളിലെയും ഹോക്കിയിലെയും ഷൂട്ടൗട്ട് മാതൃക പിന്തുടര്‍ന്നായിരുന്നു ഇത്തരമൊരു പരീക്ഷണം. ഇത് പിന്നീട് സൂപ്പര്‍ ഓവറിന് വഴിമാറി. ഇന്ത്യയ്ക്കായി അന്ന് ഒരു റെഗുലര്‍ ബൗളര്‍ മാത്രമാണ് ബൗള്‍ ഔട്ടില്‍ പന്തെറിഞ്ഞത്, ഹര്‍ഭജന്‍ സിങ്. വീരേന്ദര്‍ സെവാഗ്, റോബിന്‍ ഉത്തപ്പ എന്നിവരായിരുന്നു പിന്നീട് എത്തിയത്. മൂന്നു പേരും ലക്ഷ്യം കണ്ടപ്പോള്‍ പാകിസ്താന് വേണ്ടി പന്തെറിഞ്ഞ യാസിര്‍ അറാഫത്ത്, ഉമര്‍ ഗുല്‍, ഷാഹിദ് അഫ്രിദി എന്നിവര്‍ക്ക് പിഴച്ചു.

ഇപ്പോഴിതാ അന്ന് റെഗുലര്‍ ബൗളര്‍മാര്‍ക്ക് പകരം ഉത്തപ്പയേയും സെവാഗിനെയും ഉപയോഗിച്ചതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ട്വന്റി 20 ലോകകപ്പിനിടെ ഇന്ത്യയുടെ ബൗളിങ് കോച്ചായിരുന്ന മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ്. ഇന്ത്യന്‍ താരം ആര്‍. അശ്വിനുമൊത്ത് ഒരു യൂട്യൂബ് ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രസാദ്.

''ലോകകപ്പിന്റെ നിയമാവലികള്‍ ഞങ്ങള്‍ നന്നായി നോക്കിയിരുന്നു. അന്ന് ഒരു മത്സരം ടൈ ആയാല്‍ ഇന്നത്തെ പോലെ സൂപ്പര്‍ ഓവര്‍ ഇല്ല, ബൗള്‍ ഔട്ടായിരുന്നു. അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് അത് പരിശീലിക്കേണ്ടിയിരുന്നു. അന്ന് ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും തമ്മില്‍ ഞങ്ങള്‍ ബൗള്‍ ഔട്ട് മത്സരം സംഘടിപ്പിക്കാറുണ്ടായിരുന്നു. എം.എസ് ധോനി, സെവാഗ്, ഉത്തപ്പ തുടങ്ങിയ ബാറ്റ്‌സ്മാന്‍രെല്ലാം ബൗളിങ്ങില്‍ താത്പര്യമുള്ളവരും ആയിരുന്നു. നെറ്റ്‌സിലായിരുന്നു ഇത് സംഘടിപ്പിക്കാറ്. എല്ലാം ശ്രദ്ധിച്ചുകൊണ്ട് പിന്നില്‍ ഞാനുമുണ്ടാകും. അതുകൊണ്ടു തന്നെ ആരാണ് സ്ഥിരമായി പന്ത് വിക്കറ്റില്‍ കൊള്ളിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നു. സെവാഗ്, ഉത്തപ്പ, ഹര്‍ഭജന്‍ എന്നിവര്‍ സ്ഥിരമായി പന്ത് വിക്കറ്റില്‍ കൊള്ളിക്കുന്നവരായിരുന്നു. അതിനാല്‍ തന്നെ ബൗള്‍ ഔട്ട് വന്നപ്പോള്‍ ഇവരുടെ കാര്യം ധോനിയെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ എനിക്ക് പ്രയാസമുണ്ടായിരുന്നില്ല. പന്തിലും ശരീരത്തിലും കൂടുതല്‍ നിയന്ത്രണം ഉണ്ടാകുക സ്ലോ ബൗളര്‍മാര്‍ക്കാണ്.'' - പ്രസാദ് പറഞ്ഞു.

Content Highlights: 2007 T20 World Cup bowl out Venkatesh Prasad convinced Dhoni to use Sehwag and Uthappa