മെല്‍ബണ്‍: ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെ വിവാദമായി ആരാധകരുടെ ആഘോഷം. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിനെ അടിയറവ് പറയിച്ച് കൂറ്റന്‍ വിജയം സ്വന്തമാക്കിയ ഓസ്‌ട്രേലിയ ആഷസ് പരമ്പരയും നേടി. 

മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 14 റണ്‍സിനും കീഴടക്കിയാണ് ഓസ്‌ട്രേലിയ വിജയം ആഘോഷിച്ചത്. ഓസീസിന്റെ വിജയം ആരാധകര്‍ക്കും വലിയ സന്തോഷമാണ് നല്‍കിയത്. ഓസീസിന്റെ പരമ്പര വിജയത്തില്‍ മതിമറന്ന ആരാധകര്‍ സ്റ്റേഡിയം പൂരപ്പറമ്പാക്കി. ചില വേറിട്ട കാഴ്ചകള്‍ക്കും മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയം വേദിയായി. 

ഷൂസില്‍ ബിയര്‍ നിറച്ച് അത് കുടിച്ചുകൊണ്ട് നിരവധി ആരാധകര്‍ ഓസീസ് വിജയം ആഘോഷിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട മെല്‍ബണ്‍ പോലീസ് നൂറോളം ആരാധകരെ സ്‌റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി. മദ്യപിച്ച് സ്റ്റേഡിയത്തില്‍ ബഹളമുണ്ടാക്കിയതിനേത്തുടര്‍ന്നാണ് ആരാധകരെ പോലീസ് ഇറക്കിവിട്ടത്. ഡെയ്‌ലി മെയ്‌ലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ഇംഗ്ലീഷ് ആരാധകര്‍ക്കെതിരേ ഓസീസ് ആരാധകര്‍ ശബ്ദമുയര്‍ത്തുകയും കളിയാക്കുകയും ചെയ്തതോടെ സംഭവം വഷളായി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഓസീസ് ആരാധകര്‍ സ്‌റ്റേഡിയത്തിന് പുറത്ത് ആഘോഷം തുടര്‍ന്നു. 

അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും വിജയിച്ച് ഓസീസ് ആഷസ് കിരീടം നിലനിര്‍ത്തി. മാര്‍ക്കസ് ഹാരിസ്സിന്റെ ബാറ്റിങ്ങും സ്‌കോട്ട് ബോളണ്ടിന്റെ തീതുപ്പുന്ന പന്തുകളുമാണ് ഓസീസിന് വിജയം സമ്മാനിച്ചത്. 

Content Highlights: 100 fans evicted from MCG due to excessive drinking followed by wild celebrations