റാഞ്ചി: ക്രിക്കറ്റ് മൈതാനങ്ങളില്‍ പലപ്പോഴും ധോനിയിലെ ക്യാപ്റ്റന്‍ എടുക്കുന്ന തീരുമാനങ്ങള്‍ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ബൗളിങ് മാറ്റങ്ങളിലും ഫീല്‍ഡ് ഒരുക്കുന്നുതിലുമെല്ലാം പലപ്പോഴും ധോനി ഈ അദ്ഭുതം ഒളിപ്പിച്ചുവെക്കാറുമുണ്ട്. എന്നാല്‍ ഇന്ത്യ ഒന്നാകെ ഞെട്ടിയ ധോനിയുടെ ഒരു തീരുമാനം പത്തു വര്‍ഷം മുമ്പ് ഒരു ജൂലായ് നാലിനായിരുന്നു. സാക്ഷി റാവത്തിനെ ധോനി തന്റെ ജീവിതത്തിന്റെ ഇന്നിങ്‌സിലേക്ക് കൂട്ടിയത് 2010-ല്‍ ഇതേ ദിവസത്തിലായിരുന്നു. ധോനിയുടെയും സാക്ഷിയുടെയും 10-ാം വിവാഹ വാര്‍ഷികമാണ് ശനിയാഴ്ച.

2010 ജൂലായ് നാലിന് ഡെറാഡൂണില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. തീര്‍ത്തും രഹസ്യമായിട്ടായിരുന്നു വിവാഹം. ധോനി വിവാഹിതനായെന്ന വാര്‍ത്ത കേട്ട് ഇന്ത്യയിലെ ജനങ്ങള്‍ ഒന്നാകെ ഞെട്ടിയിരുന്നു. ചെറിയൊരു സൂചനപോലുമില്ലാതെയായിരുന്നു വിവാഹം.

വളരെ കുറച്ച് അതിഥികള്‍ മാത്രമായിരുന്നു വിവാഹ ചടങ്ങിന് ഉണ്ടായിരുന്നത്. ബന്ധുക്കളെ കൂടാതെ അടുത്ത സുഹൃത്തുക്കളും ബോളിവുഡ് താരങ്ങളുമായ ജോണ്‍ എബ്രഹാം, ബിപാഷ ബസു എന്നിവരും ഏതാനും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്.

കുട്ടിക്കാലം മുതല്‍ തന്നെ ഇരുവര്‍ക്കും പരസ്പരം അറിയാമായിരുന്നു. ഇരുവരുടെയും അച്ഛന്‍മാര്‍ റാഞ്ചിയിലെ ഒരേ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നതെങ്കില്‍ പോലും ഇരുവരും തമ്മില്‍ അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. 

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം 2007-ല്‍ കൊല്‍ക്കത്തയിലെ താജ് ബംഗാളില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഔറംഗാബാദില്‍ നിന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ സാക്ഷി കൊല്‍ക്കത്തയില്‍  ഇന്റേണ്‍ഷിപ്പിലായിരുന്നു.

Content Highlights: 10 years of MS Dhoni and Sakshi Rawat's surprise wedding