ല്ല, മരണംവരെയും ആ രാത്രി മറക്കില്ല. രാജ്യം സ്വാതന്ത്ര്യം നേടിയ അര്‍ധരാത്രിക്കുശേഷം ഇത്രയും വലിയ ആഘോഷരാവ് ഇന്ത്യയിലുണ്ടായിട്ടുണ്ടാവില്ല. മുംബൈ മറൈന്‍ഡ്രൈവ് ആനന്ദത്തില്‍ മുങ്ങി. നക്ഷത്രങ്ങള്‍ ഇമ ചിമ്മാതെ മുംബൈയുടെ ആകാശത്ത് കാവല്‍ നിന്നു. ഒരു വശത്ത് അലയടിക്കുന്ന കടല്‍, മറുവശത്ത് തിരയടിച്ച് ത്രിവര്‍ണസാഗരം. അതിലൊരു തുള്ളിയായി ഒഴുകിയത് ജീവിതത്തിലെ വിലപിടിച്ച നിമിഷങ്ങളാണ്.

2011 ഏപ്രില്‍ രണ്ടിലെ ആ രാത്രി, ഇന്ത്യയുടെ കവാടമായ മുംബൈ ലോകത്തിനുമുന്നില്‍ രാജ്യത്തിന്റെ ഹൃദയകവാടം തുറന്നു. ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാര്‍. ക്രിക്കറ്റിന്റെ മറ്റെല്ലാ സൗഭാഗ്യങ്ങളിലൂടെയും നേരത്തേതന്നെ കടന്നുപോയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ലോകകിരീടത്തോടെ ദൈവം പൂര്‍ണത നല്‍കി. ആ നേട്ടത്തിന് വെള്ളിയാഴ്ച 10 വയസ്സ്.

അന്ന് കളിച്ചവരില്‍ ഇന്ന് ടീമിലുള്ളത് വിരാട് കോലി മാത്രം. ഇന്ത്യന്‍ ക്യാപ്റ്റനായും ഏകദിന റാങ്കിങ്ങിലെ ഒന്നാമനായും കോലി പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. കിരീടനേട്ടം പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ഉയരങ്ങളില്‍തന്നെ. നവപ്രതിഭകള്‍ സ്‌ഫോടനാത്മകമായി കടന്നുവരുന്നു. കിട്ടുന്ന ആദ്യവസരത്തില്‍ തന്നെ ഞെട്ടിക്കുന്നു. വരുംകാലത്തും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണ്.

10 years of India s 2011 World Cup triumph

2011 ഫെബ്രുവരി പകുതിയോടെ ബംഗ്ലാദേശ് തലസ്ഥാനത്തുനിന്ന് തുടങ്ങിയ ഒരു സ്വപ്നയാത്ര - 'ധാക്ക-മുംബൈ ഡ്രീം എക്‌സ്പ്രസ്സ്'. ധാക്കയിലെ ഉദ്ഘാടനമത്സരത്തിന്റെ തലേന്ന് ഇന്ത്യ ലോകകപ്പ് നേടിയതിന്റെ ഒരു സാങ്കല്‍പിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുംബൈയില്‍ അത് സത്യമായി ഭവിച്ചു. ആദ്യമത്സരത്തിലെ ആദ്യപന്ത് ബൗണ്ടറി കടത്തി വീരേന്ദര്‍ സെവാഗ് ഭദ്രദീപം കൊളുത്തി. ഫൈനലില്‍ കിരീടത്തിലേക്ക് സിക്‌സര്‍ പായിച്ച് നായകന്‍ മഹേന്ദ്രസിങ് ധോനിയുടെ ഭരതവാക്യം. 28 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ലോകകപ്പ് വീണ്ടെടുത്തത്.

ലോകകപ്പില്‍ ഇന്ത്യയുടെ മുന്നേറ്റം സാവധാനത്തിലായിരുന്നു. ധാക്കയിലെ ആദ്യ വിജയത്തിനുശേഷം ഹോളണ്ട്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരേ വിഷമിച്ചു. പിന്നീട് കഥ മാറി. ക്വാര്‍ട്ടറില്‍, ലോകക്രിക്കറ്റിനെ അടക്കിഭരിക്കുകയായിരുന്ന ഓസ്ട്രേലിയന്‍ പ്രതാപത്തിന് ഇന്ത്യ തിരശ്ശീലയിട്ടു. ക്രിക്കറ്റും നയതന്ത്രവും സമന്വയിച്ച ലോകപോരാട്ടത്തില്‍, സെമിയില്‍ പാകിസ്താനു മുന്നിലേക്ക്. രണ്ട് രാജ്യങ്ങളുടേയും പ്രധാനമന്ത്രിമാരെ സാക്ഷിയാക്കി മൊഹാലിയിലെ സമ്മോഹന വിജയം. ഒടുവില്‍ അന്തിമ പോരാട്ടത്തിനായി മുംബൈയിലേക്ക്.

10 years of India s 2011 World Cup triumph

ടോസ് നഷ്ടപ്പെട്ടപ്പോള്‍ ആദ്യനിരാശ. മഹേല ജയവര്‍ധനെ തന്റെ അനുഭവസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് പോരാടിയപ്പോള്‍ ശ്രീലങ്ക വാങ്കഡേയെ സംബന്ധിച്ച് ഒന്നാന്തരം സ്‌കോറിലെത്തി. ഫൈനലിന്റെ അതിസമ്മര്‍ദത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യേണ്ടതിന്റെ തീവ്രാനുഭവത്തിലായിരുന്നു ഇന്ത്യ. ഇന്ത്യയുടെ ഹൃദയം ഭേദിക്കുന്നതായിരുന്നു ലസിത് മലിംഗ എന്ന ശ്രീലങ്കന്‍ ബൗളറുടെ തുടക്കം. രണ്ടാം പന്തില്‍തന്നെ വീരേന്ദര്‍ സെവാഗ് പുറത്ത്. നൂറാം അന്താരാഷ്ട്ര സെഞ്ചുറി പ്രതീക്ഷിച്ചെത്തിയ പതിനായിരങ്ങളെ നിരാശയിലാഴ്ത്തി വൈകാതെ സച്ചിന്‍ തെണ്ടുല്‍ക്കറും മടങ്ങി. എല്ലാം കൈവിട്ടുപോയി എന്ന് ഉറപ്പിച്ചു. പക്ഷെ, വിധി ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. ഗൗതം ഗംഭീറും ധോനിയും ഇന്ത്യയെ പ്രകാശത്തിലേക്ക് നയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് അതിന്റെ ചങ്കുറപ്പ് കാട്ടിയ നിമിഷങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റിന് ആ കിരീടം വഴിത്തിരിവായിരുന്നു. ആ അനശ്വരവിജയത്തിന്റെ ഓര്‍മകള്‍ കാലത്തെ അതിജീവിക്കും.

Content Highlights: 10 years of India s 2011 World Cup triumph