ഹാമില്‍ട്ടണ്‍: ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ എം.എസ് ധോനിയെന്ന ഇതിഹാസത്തെ മിസ് ചെയ്യുന്നുണ്ടോ? സോഷ്യല്‍ മീഡിയയിലും സ്‌റ്റേഡിയങ്ങളിലും ഒരുപോലെ മുഴങ്ങുന്ന ധോനി... ധോനി... വിളികള്‍ തന്നെയാണ് ഈ ചോദ്യത്തിനുള്ള മറുപടി. എന്നാല്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ധോനിയെ മിസ് ചെയ്യുന്നുണ്ടോ? ഉണ്ടെന്ന് ഉറപ്പിച്ച് പറയുകയാണ് ഇന്ത്യന്‍ താരം യൂസ്‌വേന്ദ്ര ചാഹല്‍.

ബി.സി.സി.ഐയുടെ നിര്‍ദേശമനുസരിച്ച് ചാഹല്‍ മുന്‍കൈയെടുത്ത് നടത്തുന്ന 'ചാഹല്‍ ടിവി'യിലാണ് ധോനിയെ ടീം അംഗങ്ങള്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് ചാഹല്‍ പറയുന്നത്. ന്യൂസീലന്‍ഡ് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ പരമ്പരയിലെ മൂന്നാം ട്വന്റി മത്സരത്തിനായി ഹാമില്‍ട്ടണിലേക്കുള്ള ബസ് യാത്രയിലാണ്. 

യാത്രയ്ക്കിടെ ടീം അംഗങ്ങളോട് ന്യൂസീലന്‍ഡ് വിശേഷങ്ങള്‍ ചോദിച്ചറിയുകയായിരുന്നു ചാഹല്‍. ഏറ്റവും ഒടുവില്‍ അദ്ദേഹം ഒരു സീറ്റിലേക്ക് എത്തി. ചാഹല്‍ ടിവിയില്‍ ഇതുവരെ പ്രത്യക്ഷപ്പെടാത്ത ഒരു താരമുണ്ടെന്നു പറഞ്ഞാണ് ധോനിയെ കുറിച്ച് ചാഹല്‍ സംസാരിച്ച് തുടങ്ങിയത്. അദ്ദേഹത്തിന് ഇതില്‍ മുഖം കാണിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും താനാണ് പിന്നീടാകട്ടെ എന്ന് പറഞ്ഞ് അത് നീട്ടിവെച്ചതെന്നും ചാഹല്‍ വെളിപ്പെടുത്തി. 

പിന്നീട് പുറകില്‍ ജനലിനടുത്തുള്ള സീറ്റ് കാണിച്ച് ഇവിടെ ഒരു ലെജന്റാണ് ഇരിക്കാറുണ്ടായിരുന്നതെന്നും ഇപ്പോള്‍ ഈ സീറ്റില്‍ ആരും ഇരിക്കാറില്ലെന്നും ചാഹല്‍ പറഞ്ഞു. അദ്ദേഹത്തെ (ധോനി) എല്ലാവരും ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: ‘No one sits on MS Dhoni’s seat, we miss him’ Yuzvendra Chahal