2020 ഫുട്‌ബോള്‍ ലോകത്തിന് നല്‍കിയത് ഒരിക്കലും നികത്താനാകാത്ത വേര്‍പാടുകളില്‍ ഒന്നാണ്. ഡീഗോ അര്‍മാന്‍ഡോ മാറഡോണയെന്ന അതികായന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. 2020 നവംബര്‍ 25-ന്. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നവംബറില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും (വിത്ത്ഡ്രോവല്‍ സിംപ്റ്റംസ്) ഉണ്ടായിരുന്നു.

വിഷാദ രോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ പരിശോധനയ്ക്കിടെ സ്‌കാനിങ്ങിലൂടെയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്. 

ബ്യൂണസ് ഐറിസിലെ ബെല്ല വിസ്റ്റ സെമിത്തേരിയിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. അര്‍ജന്റീന പ്രസിഡന്റിന്റെ ഓഫീസും ഔദ്യോഗിക വസതിയുമായ കാസ റൊസാഡയില്‍ പൊതുദര്‍ശനത്തിനു വെച്ച അദ്ദേഹത്തിന്റെ മൃതദേഹം കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. കാസ കൊട്ടാരത്തില്‍ നിന്നും തുടങ്ങിയ വിലാപയാത്രയില്‍ താരത്തിന്റെ മൃതദേഹത്തെ അനുഗമിക്കാന്‍ ആയിരങ്ങള്‍ എത്തി. ദേശീയ പതാക ചുറ്റി ലോകപ്രശസ്തമായ അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജഴ്സി പുതപ്പിച്ചാണ് അദ്ദേഹത്തെ സെമിത്തേരിയിലേക്ക് കൊണ്ടുപോയത്.

Content Highlights: year ender 2020 Diego Maradona death