ഴിഞ്ഞ ദശാബ്ദത്തിലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്സ് പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക്. ഡിസംബര്‍ 28 തിങ്കളാഴ്ചയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിനൊപ്പം ഐ.സി.സിയുടെ ദശാബ്ദത്തിലെ മികച്ച ഏകദിന ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടതും കോലി തന്നെ.

ഇക്കഴിഞ്ഞ ദശകത്തില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലുമായി 56.97 ശരാശരിയില്‍ 20,396 റണ്‍സും 66 സെഞ്ചുറികളും 94 അര്‍ധ സെഞ്ചുറികളുമാണ് കോലി സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. ഏകദിനത്തില്‍ മാത്രം 61.83 ശരാശരിയില്‍ പതിനായിരത്തിലേറെ റണ്‍സും 39 സെഞ്ചുറികളും 48 അര്‍ധ സെഞ്ചുറികളും കോലി സ്വന്തമാക്കിയിട്ടുണ്ട്. 

ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്താണ് ദശാബ്ദത്തിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്ത് ടെസ്റ്റില്‍ 65.79 ശരാശരിയില്‍ 7040 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. 26 സെഞ്ചുറികളും 28 അര്‍ധ സെഞ്ചുറികളും ഇക്കാലയളവില്‍ താരം അടിച്ചുകൂട്ടിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഐ.സി.സിയുടെ ദശാബ്ദത്തിലെ മികച്ച ട്വന്റി 20 താരം. കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്തിനിടെ ട്വന്റി 20-യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ റാഷിദിന്റെ പേരിലാണ്.

Content Highlights: Virat Kohli named ICC Male Cricketer of the Decade