യണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ സൂപ്പര്‍ താരങ്ങളെ മറികടന്ന് ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി തിളങ്ങിയ വര്‍ഷമായിരുന്നു 2020. 2020-ലെ ഫിഫയുടെ മികച്ച താരത്തിനുള്ള (ഫിഫ ബെസ്റ്റ്) പുരസ്‌കാരം രണ്ട് സൂപ്പര്‍ താരങ്ങളേയും മറികടന്ന് ഇത്തവണ ലെവന്‍ഡോവ്‌സ്‌കി സ്വന്തമാക്കി. മികച്ച സ്ട്രൈക്കര്‍ക്കുള്ള പുരസ്‌കാരവും ലെവന്‍ഡോവ്സ്‌കിക്കാണ്. 

ഡിസംബര്‍ 17-ന് കോവിഡ് മൂലം ഓണ്‍ലൈനായി നടത്തിയ ചടങ്ങിലാണ് ലെവന്‍ഡോവ്‌സ്‌കിയെ മികച്ച താരമായി തിരഞ്ഞെടുത്തത്. 13 വര്‍ഷത്തിനിടെ മെസ്സിയും റൊണാള്‍ഡോയുമല്ലാതെ, ഫിഫ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ താരമാണു ലെവന്‍ഡോവ്‌സ്‌കി. 2018-ല്‍ പുരസ്‌കാരം നേടിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് മറ്റൊരു താരം.

2019 ജൂലൈ 20 മുതല്‍ 2020 ഒക്ടോബര്‍ ഏഴു വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുരസ്‌കാരം. ബയേണിനൊപ്പം ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ്, ബുണ്ടസ് ലിഗ, ജര്‍മന്‍കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ് കിരീട വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇക്കാലയളവില്‍ ബയേണിനായി 52 മത്സരങ്ങളില്‍ നിന്ന് 60 ഗോളുകളും താരം അടിച്ചുകൂട്ടി. ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞ സീസണില്‍ 15 ഗോളുകളാണ് താരം നേടിയത്. ബുണ്ടസ് ലിഗയില്‍ 31 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളും ജര്‍മന്‍ കപ്പിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറു ഗോളുകളും താരം സ്വന്തമാക്കിയിരുന്നു.

Content Highlights: Robert Lewandowski put Messi and Ronaldo in shade wins fifa best