ഓഗസ്റ്റില്‍ നടന്ന ഓണ്‍ലൈന്‍ ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയും റഷ്യയും സംയുക്ത ജേതാക്കളായി. കോവിഡ് വ്യാപനംമൂലം ഓണ്‍ലൈനായാണ് മത്സരങ്ങള്‍ നടന്നത്. ഓഗസ്റ്റ് 30-ന് നടന്ന ഫൈനല്‍ മത്സരം ഇന്റര്‍നെറ്റ് തകരാര്‍ മൂലം താറുമാറായതോടെയാണ് ഇരു രാജ്യങ്ങളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചത്.
ആദ്യമായാണ് ഇന്ത്യ ചെസ് ഒളിമ്പ്യാഡില്‍ ജേതാക്കളാകുന്നത്. ഇതിനുമുന്‍പ് 1924-ല്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം.
മലയാളി താരം നിഹാല്‍ സരിന്‍ അടക്കം ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ക്ക് സാങ്കേതിക കാരണങ്ങളാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ഇന്ത്യ അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയാണെന്ന് അന്താരാഷ്ട്ര ചെസ് സംഘനയുടെ പ്രസിഡന്റ് അര്‍ക്കാഡി ഡ്വോര്‍ക്കോവിച്ച് വ്യക്തമാക്കുകയായിരുന്നു.
വനിതകളിലെ ലോക ചാമ്പ്യന്‍കൂടിയായ കൊനേരു ഹംപി, ദിവ്യ ദേശ്മുഖ് എന്നിവരാണ് സെര്‍വര്‍ തകരാര്‍ കാരണം മത്സരത്തിനിടെ ലോഗ് ഔട്ട് ആയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ലോകത്താകമാനം ഇന്റര്‍നെറ്റ് സേവനം തടസ്സം നേരിട്ടതിന്റെ ഭാഗമായിരുന്നു ഇതും.
ആദ്യ റൗണ്ടിലെ ആറു മത്സരങ്ങളില്‍ മൂന്നുപോയന്റ് വീതം നേടി തുല്യനിലയിലായിരുന്നു ഇന്ത്യയും റഷ്യയും. ആറു മത്സരങ്ങളും സമനിലയായി. ഇന്ത്യയുടെ വിദിത്ത് സന്തോഷ്, പി. ഹരികൃഷ്ണ, ഡി. ഹരിക, ആര്‍. പ്രഗ്‌നാനന്ദ, ദിവ്യ ദേശ്മുഖ്, കൊനേരു ഹംപി എന്നിവരാണ് സമനില നേടിയത്.
രണ്ടാം റൗണ്ടില്‍ ഹരികൃഷ്ണ, പ്രഗ്‌നാനന്ദ എന്നിവര്‍ക്ക് പകരം ഇന്ത്യ നിഹാല്‍ സരിനെയും വി. ആനന്ദിനെയും കളിപ്പിച്ചു. ഇന്ത്യ പിന്നില്‍ നില്‍ക്കെയാണ് ഇന്റര്‍നെറ്റ് കണക്ഷനില്‍ പ്രശ്‌നം വന്നത്. വനിതകളുടെ റാപ്പിഡ് ചാമ്പ്യന്‍ കൊനേരു ഹംപിയും ബ്ലിറ്റ്‌സ് ചാമ്പ്യനായ റഷ്യയുടെ കാതെറീന ലാഗ്‌നോയും തമ്മിലുള്ള മത്സരം ആവേശകരമായിരുന്നു. ഹംപി ജയപ്രതീക്ഷ ഉണര്‍ത്തിയെങ്കിലും ഒടുവില്‍ സമനിലയായി.
Content Highlights: Indian team won FIDE Online Chess Olympiad 2020