ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക സമ്മാനിക്കുന്ന ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഏഴാം തവണയും സ്വന്തമാക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ അര്‍ജന്റീന സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി. 2021 നവംബര്‍ 30-ന് പാരിസില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 2020-21 വര്‍ഷത്തെ പ്രകടനമാണ് മെസ്സിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇക്കാലയളവില്‍ കോപ്പ അമേരിക്ക കിരീടവും സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്‌ക്കൊപ്പം കോപ്പ ഡെല്‍ റേ (കിങ്‌സ് കപ്പ്) കിരീടവും സ്വന്തമാക്കി. ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ജോര്‍ജീന്യോ എന്നിവരടക്കം 11 പേരാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്. ഇതില്‍ നിന്നാണ് കഴിഞ്ഞ സീസണിലെ മികച്ച താരത്തെ കണ്ടെത്തിയത്.

ബാഴ്‌സലോണ താരം അലക്‌സ്യ പ്യൂട്ടേയാസാണ് മികച്ച വനിതാ താരം. മികച്ച യുവതാരമായി പെഡ്രി ഗോണ്‍സാലസിനെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പ്രത്യേക പുരസ്‌കാരം പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്കാണ്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാചിന്‍ ട്രോഫി ഇറ്റാലിയന്‍ താരം ജിയാന്‍ല്യൂജി ഡൊന്നരുമ്മയ്ക്കാണ്.

Content Highlights: Lionel Messi Wins Record Seventh Ballon d’Or