ഓക്ക്‌ലന്‍ഡ്: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ തകര്‍പ്പന്‍ വിജയവുമായി ദ്രാവിഡ് ബോയ്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സിംബാബ്‌വെയെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ യുവനിര അവസാന എട്ടിലെത്തിയത്. കളിച്ച മൂന്നു മത്സരങ്ങളിലും വിജയക്കൊടി പാറിച്ചാണ് ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റം. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍.

സിംബാബ്‌വെ മുന്നോട്ടുവെച്ച 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 21.4 ഓവറില്‍ മറികടക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഹാര്‍വിക് ദേശായിയും ശുഭം ഗില്ലും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു. 59 പന്ത് മാത്രമെടുത്ത് 14 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 90 റണ്‍സാണ് ശുഭം ഗില്‍ അടിച്ചെടുത്തത്. 73 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സുമടക്കം ദേശായ് 56 റണ്‍സ് നേടി. 

നേരത്തെ അങ്കുല്‍ റോയിയുടെ നാല് വിക്കറ്റ് പ്രകടനത്തില്‍ 11 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യയുടെ യുവനിര സിംബാബ്‌വെയെ 154 റണ്‍സിന് പുറത്താക്കുകയായിരുന്നു. 36 റണ്‍സെടുത്ത ശുംഭയാണ് സിംബാബ്‌വെയുടെ ടോപ്പ് സ്‌കോറര്‍. 

നേരത്ത ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ ഇന്ത്യ നൂറു റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ ദുര്‍ബ്ബലരായ പാപ്പുവ ന്യൂഗിനിയെക്കെതിരെ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

Content Highlights:  U 19 World Cup India vs Zimbabwe India beat Zimbabwe by 10 wickets