മൗണ്ട് മഗ്നുയി: കൗമാര ലോകകപ്പില്‍ കിരീടം ചൂടി ഇന്ത്യ ചരിത്രമെഴുതിയപ്പോള്‍ ഗാലറിയിലെ താരമായി ഷാജി പാപ്പനും സംഘവും. ന്യൂസീലന്‍ഡിലെ മൗണ്ട് മഗ്നുയി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യക്ക് ആര്‍പ്പു വിളിക്കാനെത്തിയതായിരുന്നു ഒരുകൂട്ടം മലയാളികള്‍. 

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രം ആട് റ്റുവില്‍ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്റെ വേഷമണിഞ്ഞാണ് ഇവര്‍ ഗാലറിയില്‍ ആവേശം വിതച്ചത്. ചുവപ്പും പച്ചയും നിറത്തിലുള്ള മുണ്ടും കറുപ്പ് ഷര്‍ട്ടും കൂളിങ് ഗ്ലാസുംവെച്ച് സ്റ്റൈലായി എത്തിയ മലയാളിക്കൂട്ടം ഓസീസിന്റെ ഓരോ വിക്കറ്റ് വീഴുമ്പോഴും ചെണ്ടകൊട്ടിയാണ് ആഘോഷിച്ചത്. 

പിന്നീട് ഇന്ത്യയുടെ ഇന്നിങ്‌സ് തുടങ്ങിയപ്പോള്‍ ഓരോ ഫോറിനും സിക്‌സിനും അവര്‍ കാണികളെ ആവേശത്തിലാഴ്ത്തി. ഏതായാലും ഇന്ത്യ അവസാനം കിരീടത്തില്‍ ചുംബിച്ചതോടെ മലയാളിക്കൂട്ടത്തിന്റെ പ്രോത്സാഹനം വെറുതെയായില്ല.

Content highlights: U-19 World Cup Cricket Indian Team Fans