ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ സ്വപ്‌നക്കുതിപ്പിന് സെമിഫൈനലില്‍ അന്ത്യം. ആറു വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നു. അഫ്ഗാനിസ്ഥാന്‍ മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 75 പന്ത്‌ ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു. 

26 റണ്‍സെടുക്കുന്നതിനിടയില്‍ ഓപ്പണര്‍ ബ്രയാന്തിനെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ എഡ്‌വാര്‍ഡ്‌സും സാംഗയും ചേര്‍ന്ന് ഓസീസിനെ വിജയതീരത്തെത്തിക്കുകയായിരുന്നു. എഡ്വാര്‍ഡ്‌സ് 65 പന്തില്‍ 72 റണ്‍സടിച്ചപ്പോള്‍ സാംഗ 26 റണ്‍സെടുത്ത് പുറത്തായി. മെര്‍ലോ 17 റണ്‍സടിച്ചു. ഉപ്പല്‍ 32 റണ്‍സുമായും സ്വീനി 22 റണ്‍സുമായും പുറത്താകാതെ നിന്നു. 

10 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത മെര്‍ലോയുടെ ബൗളിങ് മികവാണ് അഫ്ഗാനെ ചെറിയ സ്‌കോറിനൊതുക്കിയത്. 80 റണ്‍സെടുത്ത ഇക്രം അലി ഖില്ലിനല്ലാതെ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഏഴു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ ക്രീസ് വിട്ടു. 

ചൊവ്വാഴ്ച്ച നടക്കുന്ന രണ്ടാം സെമിയില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ഈ സെമിയില്‍ വിജയിക്കുന്നവരുമായാകും ഓസ്‌ട്രേലിയ ഫൈനല്‍ കളിക്കുക.

Content Highlights: U-19 World Cup Cricket Australia vs Afghanistan