സ്വപ്നതുല്യം! ഈ വാക്കുകൊണ്ട് മാത്രമേ കൗമാര ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ വിശേഷിപ്പിക്കാനാകൂ. തുടര്‍ച്ചയായ ഏഴു മത്സരങ്ങള്‍ എതിരാളികള്‍ക്ക് ഒരവസരവും നല്‍കാതെ വിജയിച്ചാണ് ദ്രാവിഡിന്റെ കുട്ടികള്‍ അണ്ടര്‍ 19 ലോകകപ്പില്‍ മുത്തമിട്ടത്. നാലാംതവണ ജേതാക്കളായ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഏറ്റവും കൂടുതല്‍ തവണ നേടുന്ന ടീമെന്ന ഖ്യാതിയും സ്വന്തമാക്കി. ഇതിനു മുമ്പ് മുഹമ്മദ് കൈഫിന്റെ നേതൃത്വത്തില്‍ 2000ലും വിരാട് കോലിയുടെ നേതൃത്വത്തില്‍ 2008ലും ഉന്‍മുക് ചന്ദ് നായകത്വത്തില്‍ 2012ലുമാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയിട്ടുള്ളത്.

ഫൈനലില്‍ ശക്തരായ ഓസ്ട്രേലിയയെ അവര്‍ക്ക് പരിചിതമായ സാഹചര്യത്തില്‍ തോല്‍പിച്ചാണ് ഇന്ത്യ കപ്പ് നേടിയതെന്നത് ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഓസീസിനെ 100 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ കൗമാര ടീം ലോകകപ്പിലേക്കുള്ള കുതിപ്പ് ആരംഭിച്ചതും. ഫൈനലില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക ജയമാണ് ആഘോഷിച്ചതെങ്കിലും ഈ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ വിജയ മാര്‍ജിനാണ് ഇതെന്നത് ലോകകപ്പില്‍ ഇന്ത്യയുടെ കൗമാര ടീം എതിരാളികള്‍ക്ക് മേല്‍ പുലര്‍ത്തിയ ആധിപത്യം വ്യക്തമാക്കുന്നു. ഫൈനലൊഴിച്ചാല്‍ രണ്ടാമത് ബാറ്റ് ചെയ്തപ്പോഴെല്ലാം പത്തു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്തപ്പോള്‍ വിജയ മാര്‍ജിന്‍ മൂന്നക്കത്തിന് താഴെ പോയിട്ടുമില്ല.

ഓസീസിനെതിരെ ആദ്യ മത്സരത്തില്‍ 100 റണ്‍സിന് ജയിച്ച ഇന്ത്യ ദുര്‍ബലരായ പാപ്പുവ ന്യൂഗിനിയയെയും സിംബാബ്‌വെയെയും 10 വിക്കറ്റിന് തോല്‍പിച്ചു. ഗ്രൂപ്പ് ജേതാക്കളായി അടുത്ത റൗണ്ടിലേക്ക് മുന്നേറിയ ടീം ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ 131 റണ്‍സിനും സെമിയില്‍ പാകിസ്താനെ 203 റണ്‍സിനുമാണ് തകര്‍ത്തുവിട്ടത്.

തകര്‍ത്തടിച്ച് മുന്‍നിര

u-19 wc

മുന്‍നിര ബാറ്റ്സ്മാന്‍മാരുടെ ഉജ്ജ്വലമായ പ്രകടനമാണ് ഇന്ത്യക്ക് ലോകകപ്പ് കുതിപ്പില്‍ മുതല്‍ക്കൂട്ടായത്. ആറ് മത്സരങ്ങളില്‍ 124 ശരാശരിയില്‍ 372 റണ്‍സ് നേടി പരമ്പരയുടെ താരമായ ശുഭ്മാന്‍ ഗില്‍ തന്നെയായിരുന്നു ഇന്ത്യയുടെ ബാറ്റിങിനെ നയിച്ചത്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും നേടിയ പഞ്ചാബ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 112.38 ആണ്. ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ വിന്‍ഡീസിന്റെ അലിക്ക് അതനാസിന് (ആറ് മത്സരങ്ങളില്‍ 418) പിന്നില്‍ രണ്ടാമതാണ് ശുഭ്മാന്‍.

ആറ് മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 261 റണ്‍സെടുത്ത ക്യാപ്റ്റന്‍ പൃഥ്വി ഷാ, ഫൈനലില്‍ സെഞ്ചുറിയോടെ വിജയശില്‍പിയായ ഡല്‍ഹി താരം മനോജ് കര്‍ല (ആറ് മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടെ 252 റണ്‍സ്), നാല് മത്സരങ്ങളില്‍ 157 റണ്‍സെടുത്ത സൗരാഷ്ട്രയില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഹര്‍വിക് ദേശായ് എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന റണ്‍വേട്ടക്കാര്‍.

മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചപ്പോള്‍ പലപ്പോഴും ഇന്ത്യന്‍ മധ്യനിര പരീക്ഷിക്കപ്പെടാതെ പോയി. ഈ നാലു ബാറ്റ്സ്മാന്‍മാരെ കൂടാതെ അഭിഷേക് ശര്‍മ മാത്രമേ പരമ്പരയില്‍ അര്‍ധസെഞ്ചുറി നേടിയിട്ടുള്ളൂ. കാര്യമായി പരീക്ഷിക്കപ്പെട്ടില്ലെങ്കിലും ഈ ടീമിന് എന്തെങ്കിലും ദൗര്‍ബല്യമുണ്ടെങ്കില്‍ അത് മധ്യനിരയിലാണെന്ന് പറയേണ്ടിവരും. മുന്‍നിര മടങ്ങിയ ശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുന്നതാണ് മധ്യനിരയുടെ പ്രശ്നം. ബംഗ്ലാദേശിനെതിരായ ക്വാര്‍ട്ടറില്‍ 33 ഓവറില്‍ 174 രണ്ട് എന്ന നിലയില്‍ നിന്നാണ് ടീം 265 ഓള്‍ ഔട്ടായത്. സെമിയില്‍ പാകിസ്താനെതിരെ അവസാന അഞ്ചേവറില്‍ നാലു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.

ശക്തിദുര്‍ഗമായി ബൗളിങ്

u-19 wc

ബാറ്റിങ് ഏറെ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും പരമ്പരയില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ കരുത്ത് ബൗളിങ് ആയിരുന്നു എന്നതാണ് വാസ്തവം. കളിച്ച എല്ലാ മത്സരങ്ങളിലും എതിര്‍ ടീമിനെ ഇന്ത്യ ഓള്‍ ഔട്ടാക്കി എന്ന് പറയുമ്പോള്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാരുടെ മികവ് വ്യക്തമാകും. ബാറ്റിങില്‍ ആധിപത്യം നേടാന്‍ ഒരു ടീമിനെ പോലും ബൗളര്‍മാര്‍ അനുവദിച്ചില്ല എന്നതിനാലാണ് തുടര്‍ച്ചയായി ഇത്രയും മത്സരങ്ങളില്‍ എതിരാളികളെ തീര്‍ത്തും നിഷ്പ്രഭരാക്കാന്‍ ഇന്ത്യക്ക് സാധിച്ചതും.

പരമ്പരയില്‍ ഇന്ത്യക്കെതിരെ കളിച്ച അഞ്ചു ടീമുകളില്‍ ഓസീസിന് മാത്രമാണ് 200 റണ്‍സെങ്കിലും കടക്കാനായത്. 228, 216 എന്നിങ്ങനെയാണ് ഇന്ത്യക്കെതിരായ അവരുടെ സ്‌കോറുകള്‍. രണ്ടു ടീമുകളെ മൂന്നക്കം പോലും കടക്കാനനുവദിക്കാതെ ഇന്ത്യ പുറത്താക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തില്‍ പാപ്പുവ ന്യൂഗിനിയയെ 64 റണ്‍സിനും സെമിയില്‍ പാകിസ്താനെ 69 റണ്‍സിനുമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത്.

ആറ് മത്സരങ്ങളില്‍ 14 വിക്കറ്റ് വീഴ്ത്തി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയ അനുകൂല്‍ റോയി വിദേശ പിച്ചുകളില്‍ ഇന്ത്യന്‍ സ്പിന്നിന്റെ സാധ്യതകളാണ് തുറന്നിട്ടത്. ഓവറില്‍ നാലില്‍ താഴെ മാത്രം റണ്‍സ് വിട്ടുകൊടുത്ത അനുകൂലിന്റെ പ്രഹരശേഷി 9.08 ആണ്. അതായത് 9 റണ്‍സ് വിട്ടുകൊടുക്കുമ്പോള്‍ ഈ ജാര്‍ഖണ്ഡുകാരന്‍ ഒരു വിക്കറ്റ് വീഴ്ത്തുമെന്നര്‍ത്ഥം.

u-19 wc

രാജസ്ഥാന്റെ പേസറായ കമലേഷ് നാഗര്‍കോട്ടിയും യുപിയുടെ ശിവം മവിയുമാണ് ഇന്ത്യക്കായി പിന്നീട് കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത്. ആറു മത്സരങ്ങള്‍ കളിച്ച നാഗര്‍കോട്ടി ഓവറില്‍ ശരാശരി 3.48 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയത്. മീഡിയം പേസറായ മവി 4.12 എക്കണോമിയിലാണ് ഇത്രയും തന്നെ വിക്കറ്റുകള്‍ വീഴ്ത്തിയത്.

നാലു മത്സരങ്ങളില്‍ ഇറങ്ങിയ പേസര്‍ ഇഷാന്‍ പോറെലും ഉജ്ജ്വലമായ പ്രകടനമാണ് പുറത്തെടുത്തത്. 3.56 എക്കണോമിയില്‍ ആറ് വിക്കറ്റുകളാണ് ഈ ബംഗാള്‍ പേസര്‍ നേടിയത്. പഞ്ചാബില്‍ നിന്നുള്ള ഇടംകൈയന്‍ സ്പിന്നര്‍ അഭിഷേക് ശര്‍മയുടെ പ്രകടനവും ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായകമായി. 3.91 ശരാശരിയിലാണ് ശര്‍മ ആറ് വിക്കറ്റ് നേടിയത്. ബംഗ്ലാദേശിനെതിരെ അര്‍ധസെഞ്ച്വറിയും നേടിയ താരം ബാറ്റ് കൊണ്ടും കരുത്തുകാട്ടി. ഫൈനലിലും സെമിയിലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ശിവ സിങും മൂന്ന് മത്സരങ്ങളില്‍ മൂന്ന് വിക്കറ്റ് റിയാന്‍ പരഗും തങ്ങളുടെ ഭാഗം ഭംഗിയാക്കി.

അമരക്കാരനായി ദ്രാവിഡ്

rahul dravid

ക്രീസിലെ നിശബ്ദനായ പോരാളിയായിരുന്നു ദ്രാവിഡ്. ശ്രദ്ധയോടെ എതിരാളിയുടെ ഓരോ നീക്കവും നിരീക്ഷിച്ച് കൃത്യമായ പ്രതിരോധം തീര്‍ക്കുന്ന വന്‍മതില്‍. ലോകകപ്പ് നേട്ടം ടീം ആഘോഷിക്കുമ്പോള്‍ അവര്‍ക്ക് പിന്നില്‍ ഈ വന്‍മതിലിന്റെ നിറസാന്നിധ്യമുണ്ട്. പരമ്പരയില്‍ കൗമാര ടീം പ്രകടിപ്പിച്ച പക്വതയ്ക്കും അച്ചടക്കത്തിനും പിന്നില്‍ തീര്‍ച്ചയായും ദ്രാവിഡിന്റെ കരവിരുതുണ്ട്. ഒരുപക്ഷേ, മറ്റു ടീമുകളില്‍ നിന്ന് ടീം ഇന്ത്യയെ വേറിട്ടുനിര്‍ത്തുന്ന പ്രധാന ഘടകവും അതുതന്നെയാകും.

യുവതാരങ്ങളെ കണ്ടെത്തുന്നതിലും അവരുടെ കഴിവുകള്‍ വളര്‍ത്തുന്നതിലും ദ്രാവിഡിനുള്ള പ്രാവീണ്യം മുമ്പേ തെളിയിക്കപ്പെട്ടതാണ്. ശ്രേയസ് അയ്യരും സഞ്ജു സാംസണും റിഷഭ് പന്തും തുടങ്ങി ഒരുപിടി യുവതാരങ്ങള്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ഇതിനകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഐപിഎല്ലിലെ വന്‍തുക വേണ്ടെന്നുവെച്ചാണ് ദ്രാവിഡ് അണ്ടര്‍ 19 ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ലോകകപ്പിലെ കൗമാര ടീമിന്റെ പ്രകടനത്തോടെ ലോകത്തെ തന്നെ മികച്ച ക്രിക്കറ്റ് പരിശീലകരുടെ ഗണത്തിലേക്ക് ദ്രാവിഡ് ഉയര്‍ന്നുകഴിഞ്ഞു. സ്വയം പരിശീലനത്തിലൂടെയും കഠിനാധ്വാത്തിലൂടെയും ഉയര്‍ന്നുവന്ന ദ്രാവിഡില്‍ നിന്ന് കൗമാര ടീമിനും ഇന്ത്യക്കും പ്രതീക്ഷിക്കാന്‍ ഇനിയുമേറെയുണ്ട്.

Content Highlights: U-19 Cricket World Cup Indian Team Victory and Role Of Rahul Dravid