വെല്ലിങ്ടണ്‍: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ദുര്‍ബലരായ പാപ്പുവ ന്യൂഗിനിയെ പത്ത് വിക്കറ്റിനാണ് ഇന്ത്യയുടെ യുവനിര തകര്‍ത്തുവിട്ടത്.  നേരത്തെ ആദ്യ മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ ഇന്ത്യ 100 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

പാപ്പുവ ന്യൂഗിനിയെ 64 റണ്‍സിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ടു ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതം ലക്ഷ്യത്തിലെത്തി. 36 പന്തില്‍ 57 റണ്‍സുമായി ക്യാപ്റ്റന്‍ പൃഥ്വി ഷായാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ഒമ്പതു റണ്‍സുമായി മനോജ് കര്‍ള ക്യാപ്റ്റനൊപ്പം പുറത്താകാതെ നിന്നു.

6.5 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ അങ്കുല്‍ റോയിയാണ് പാപ്പുവ ന്യൂഗിനിയയെ ചെറിയ സ്‌കോറിനൊതുക്കിയത്. ആകെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. നാലു പേര്‍ പൂജ്യത്തിന് പുറത്തായി. 15 റണ്‍സെടുത്ത സാമാണ് പാപ്പുവയുടെ ടോപ്പ് സ്‌കോറര്‍.