ക്രൈസ്റ്റ്ചര്‍ച്ച്: ചിരവൈരികളായ പാകിസ്താനെ 69 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ യുവനിര അണ്ടര്‍-19 ലോകകപ്പിന്റെ ഫൈനലില്‍. ക്രെസ്റ്റ്ചര്‍ച്ചില്‍ നടന്ന സെമിയില്‍ പാകിസ്താനെതിരെ 203 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ദ്രാവിഡിന്റെ ശിഷ്യന്‍മാര്‍ നേടിയത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യ മുന്നോട്ടുവെച്ച 273 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 29.2 ഓവറിനുള്ളില്‍ 69 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇന്ത്യയുടെ ബൗളിങ്ങിന് മുന്നില്‍ ബാറ്റിങ് മറന്ന പാക് പട 10 റണ്‍സെടുക്കുന്നതിനിടയില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെടുത്തി. തകര്‍ച്ചയോടെയുള്ള ആ തുടക്കത്തില്‍ നിന്ന് കര കയറാന്‍ പിന്നീട് പാകിസ്താനായില്ല. 18 റണ്‍സെടുത്ത റൊഹെയ്ല്‍ നാസിറാണ് പാകിസ്താന്റെ ടോപ്പ് സ്‌കോറര്‍. എട്ടു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

ആറു ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഇഷാം പോറെലായിരുന്നു ഇന്ത്യന്‍ ബൗളിങ്ങ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ശിവ സിങ്ങും റിയാന്‍ പരംഗും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. 

നേരത്തെ സെഞ്ചുറി നേടിയ ശുഭം ഗില്ലിന്റെ മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് അടിച്ചെടുത്തത്. ഏഴു ഫോറിന്റെ അകമ്പടിയോടെ 94 പന്തില്‍ നിന്നായിരുന്നു ഗില്ലിന്റെ 102 റണ്‍സ്.

u-19 cricket world cup
Photo: Twitter/ICC

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണിങ്ങില്‍ പൃഥ്വി ഷായും മഞ്‌ജോത് കൈറയും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 റണ്‍സടിച്ച പൃഥ്വി ഷായെ റണ്‍ഔട്ടാക്കി മുഹമ്മദ് മൂസയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 47 റണ്‍സെടുത്ത കൈറയും പുറത്തായി. ഒരു വശത്ത്  ഗില്‍ പൊരുതിയപ്പോള്‍ മറുവശത്ത് വിക്കറ്റ് വീണുകൊണ്ടേയിരുന്നു. 

ഹാര്‍വിക് ദേശായി 20 റണ്‍സടിച്ച് പുറത്തായപ്പോള്‍ രണ്ട് റണ്‍സായിരുന്നു റിയാന്‍ പരാഗിന്റെ സമ്പാദ്യം. അഭിഷേക് ശര്‍മ്മ (5), നാഗര്‍കോട്ടി(1),ശിവം മവി(10), ശിവ സിങ്ങ് (1) എന്നിവരും വന്നവഴിയേ ക്രീസ് വിട്ടു. 33 റണ്‍സടിച്ച അങ്കുല്‍ റോയി മാത്രമാണ് വാലറ്റത്തില്‍ അല്‍പം പിടിച്ചുനിന്നത്.

10 ഓവറില്‍ 67 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത മുഹമ്മദ് മൂസയും 51 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്‍ഷാദ് ഇഖബാലുമാണ് പാകിസ്താന്റെ ബൗളിങ്ങില്‍ തിളങ്ങിയത്. 

Content Highlights: Shubman Gill Century India vs Pakistan U-19 Cricket World Cup Semi Final