ചെറുപ്പത്തില്‍ കൂട്ടുകാരൊക്കെ കളിപ്പാട്ടങ്ങള്‍ക്കായി കരയുമ്പോള്‍ ക്രിക്കറ്റ് ബാറ്റിന് മാത്രമായിരുന്നു ആ കുട്ടിക്ക് താത്പര്യം. ദിവസവും അഞ്ഞൂറിലധികം പന്തുകള്‍ എറിഞ്ഞുകൊടുത്തും ജോലിയും സത്കാരങ്ങളും ഉപേക്ഷിച്ചും കുടുംബവും കുട്ടിക്കൊപ്പം നിന്നു. മറ്റെന്തിനേക്കാളും പന്തിനെയും ബാറ്റിനെയും സ്നേഹിച്ച ആ കുട്ടി ഒരുപാട് വളര്‍ന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം, അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ബദ്ധവൈരികളായ പാകിസ്താനെതിരേ സെഞ്ചുറിയടിച്ച് ടീമിനെ ഫൈനലിലേക്കെത്തിച്ച് ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സ്വയം രേഖപ്പെടുത്തി. 

ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലാണ് ശുഭ്മാന്‍ ഗില്ലെന്ന പഞ്ചാബുകാരന്‍. പഞ്ചാബിലെ ഉള്‍ഗ്രാമമായിരുന്ന ഫസില്‍കയിലായിരുന്നു ഗില്ലിന്റെ ചെറുപ്പകാലം. മകന്റെ ബാറ്റിങ് കണ്ട അച്ഛന്‍ ലക്വീന്ദര്‍ സിങ് കൂടുതല്‍ പരിശീലനസൗകര്യത്തിനായി കുടുംബത്തെ മൊഹാലി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ അരികിലേക്കുമാറ്റി. അവിടെ ഒരു വീട് വാടകയ്ക്കെടുത്ത അച്ഛന്‍ മകന്റെ മോഹങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചു. 

അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പിനുപിന്നിലെ രഹസ്യവും ഗില്ലിന്റെ ഫോമായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ നാല് ഇന്നിങ്സുകളില്‍നിന്നായി 341 റണ്‍സ് നേടി. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും നേടിയ ഗില്ലിന്റെ ശരാശരി 170 റണ്‍സിനു മുകളിലാണ്. ലോകകപ്പിലെ മികച്ച പ്രകടനം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ലേലത്തിലും താരമാക്കി. 1.80 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ലേലംകൊണ്ടത്.

സെഞ്ചുറിയായിരുന്നില്ല മുഖ്യം, ടീമിനെ മികച്ച സ്‌കോറിലേക്കെത്തിക്കുക എന്നതായിരുന്നു മുന്നിലുള്ള ലക്ഷ്യം - കളിക്കുശേഷം ഗില്‍ ഇങ്ങനെയായിരുന്നു പ്രതികരിച്ചത്. 

ഗില്ലും തൂവാലയും

ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ഗില്‍ എപ്പോഴും ഒരു തൂവാല കരുതും. ഒരു വിശ്വാസത്തിന്റെ ഭാഗമാണിത്. അണ്ടര്‍-16 ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍, ഗില്‍ തുടര്‍ച്ചയായി ചെറിയ സ്‌കോറുകളില്‍ പുറത്തായി. അങ്ങനെ ഒരിക്കല്‍ ഗില്‍ തൂവാലയുമായി ബാറ്റിങ്ങിനിറങ്ങി. ആ കളിയില്‍ സെഞ്ചുറിയടിച്ച് തിരികെ ഫോമിലെത്തി. അടുത്ത മത്സരത്തിലും പഞ്ചാബുകാരന്‍ ഒരു തൂവാല കരുതി, വീണ്ടും സെഞ്ചുറിയടിച്ച് ഗില്‍ തന്റെ വിശ്വാസത്തിന്റെ ബലംകൂട്ടി, അന്നുമുതല്‍ ഗില്‍ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ഒരു തൂവാല കൈയില്‍ക്കരുതും. പാകിസ്താനെതിരേ സെഞ്ചുറിയടിക്കുമ്പോഴും ഗില്ലിന്റെയടുത്ത് ഒരു ചുവന്ന തൂവാലയുണ്ടായിരുന്നു. 

ടീമിലെ പിശുക്കന്‍

റണ്ണെടുക്കുന്നതില്‍ സമ്പന്നനാണെങ്കിലും ഗില്‍ ടീമിലെ പിശുക്കാനാണെന്നാണ് സഹതാരങ്ങളുടെ അഭിപ്രായം. അണ്ടര്‍-19 ടീമിന്റെ ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ ഗില്‍ സെഞ്ചുറിനേടി. സെഞ്ചുറിയടിച്ചവകയില്‍ ചെലവുചെയ്യാം എന്നുപറഞ്ഞിട്ട് ഇതുവരെ ഗില്‍ അത് നല്‍കിയിട്ടില്ലെന്നാണ് സഹതാരമായ അഭിഷേക് ശര്‍മയുടെ പരാതി. ലോകകപ്പ് കിരീടം നേടിയിട്ട് വമ്പന്‍ ചെലവുനല്‍കാമെന്നായിരുന്നു ഗില്ലിന്റെ മറുപടി.

Content Highlights: Shubman Gill and his red handkerchief U 19 World Cup Indian Team