ത്തൊന്‍പത് വയസ്സിനു താഴെയുള്ളവരുടെ ലോകകപ്പിന് ഇന്ത്യ നാലാം തവണ അവകാശികളാവുമ്പോള്‍ താരമാവുന്നത് ജേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയില്‍ തിരഞ്ഞാലും കാണാനാവാത്ത ഒരു വ്യക്തി. ഇന്ത്യയുടെ ക്രിക്കറ്റ് സാമ്രാജ്യത്തിന് പോറലേല്‍ക്കാതെകാത്ത വന്‍മതില്‍ രാഹുല്‍ ശരദ് ദ്രാവിഡ്. പരാജയങ്ങളുടെ ഉത്തരവാദിത്വം ആദ്യംതന്നെ ഏറ്റെടുക്കുകയും വിജയങ്ങളില്‍ അവകാശവാദമുന്നയിക്കാതിരിക്കുകയും ചെയ്യുന്ന അടിമുടി മാന്യനായ ക്രിക്കറ്റര്‍. ഇപ്പോള്‍ ലോകകപ്പ് ജയിച്ച അണ്ടര്‍-19 ടീമിന്റെ പരിശീലകനായ രാഹുല്‍ വിജയത്തിന്റെ സര്‍വ ക്രെഡിറ്റും തന്റെ കുട്ടികള്‍ക്കു നല്‍കുന്നു.

ഫൈനല്‍ മത്സരത്തിനുശേഷം ടീം കപ്പുമായി മൗണ്ട് മാംഗനുയിലെ ഗ്രൗണ്ടില്‍ ചാമ്പ്യന്‍സ് എന്ന് ആലേഖനംചെയ്ത ബോര്‍ഡിനുമുന്നില്‍ അണിനിരന്നപ്പോഴും തന്റെ കുട്ടികളുടെ ആനന്ദം രാഹുല്‍ മാറിനിന്ന് കാണുകയായിരുന്നു. 

വാസ്തവത്തില്‍ പൃഥ്വി ഷായുടെ ടീമിനെ ലോകകപ്പ് ജേതാക്കളാക്കിത്തീര്‍ക്കുന്നതില്‍ രാഹുലിന് വലിയ പങ്കുണ്ട്. രണ്ടു വര്‍ഷംമുന്‍പ് നടന്ന അണ്ടര്‍-19 ലോകകപ്പ് ടീമില്‍ അംഗങ്ങളായിരുന്ന കളിക്കാരില്‍ ആരും ഈ ലോകകപ്പ് ടീമില്‍ വേണ്ടെന്നും പുതിയ കളിക്കാര്‍ മാത്രം മതിയെന്നതും രാഹുലിന്റെ തീരുമാനമായിരുന്നു. 2015-ല്‍ ഇന്ത്യന്‍ എ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോള്‍ രാഹുല്‍ മുന്നോട്ടുവെച്ച നിബന്ധന ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് പൂര്‍ണപങ്കാളിത്തം വേണമെന്നതായിരുന്നു. പിന്നീട് അണ്ടര്‍ 19 ടീമിന്റെ പരിശീലകനായപ്പോഴും അതേ നിലപാടാണ് രാഹുല്‍ സ്വീകരിച്ചത്. ലോകകപ്പ് ജയിച്ച ഈ ടീം എല്ലാ അര്‍ഥത്തിലും രാഹുല്‍ രൂപപ്പെടുത്തിയെടുത്ത ടീമാണ്.

രാജ്യത്തിനുവേണ്ടി ഏറെ വിജയങ്ങള്‍ സമ്മാനിച്ച ഇതിഹാസതുല്യനായ ക്രിക്കറ്റര്‍ കൂടുതല്‍ പ്രതിഫലവും പ്രശസ്തിയും ലഭിക്കുന്ന ദേശീയ സീനിയര്‍ ടീമിന്റെ പരിശീലകസ്ഥാനത്തിനുവേണ്ടി പരിശ്രമിക്കാതെ 'എ' ടീമിന്റേയും ജൂനിയര്‍ ടീമിന്റേയും ചുമതലയേറ്റെടുത്തപ്പോള്‍ ഇയാള്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്ന് സഹതപിച്ചവരായിരുന്നു ഏറെയും. എന്നാല്‍, സച്ചിന്‍ തെണ്ടുല്‍ക്കറെയും സൗരവ് ഗാംഗുലിയെയുംപോലെ രാഹുലിനെ അടുത്തറിയുന്നവരുടെ പ്രതികരണം മറിച്ചായിരുന്നു. രാഹുലിന്റെ ഈ തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന് അവര്‍ പ്രവചിച്ചു. 

ജൂനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പ്രചോദിപ്പിക്കാനും മോശം ഫോമില്‍ നില്‍ക്കുന്നവര്‍ക്ക് അവരുടെ ബാറ്റിങ്ങിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കാനും രാഹുലിനുള്ള കഴിവ് സച്ചിനും സൗരവിനുമെല്ലാം നേരിട്ടറിയാവുന്നതാണ്. ശ്രീലങ്കന്‍ ടീമിലെ ലോകോത്തര ബാറ്റ്സ്മാന്‍മാരായിരുന്ന കുമാര്‍ സംഗക്കാരയോടോ മഹേലാ ജയവര്‍ധനയോടോ ചോദിച്ചാല്‍ രാഹുലിന്റെ ഈ മിടുക്കിനെക്കുറിച്ച് അവര്‍ പറഞ്ഞുതരും. അല്ലെങ്കില്‍ ചേതേശ്വര്‍ പൂജാരയോടോ സഞ്ജു വി. സാംസണോടോ ചോദിച്ചാലും മതിയാവും.

സച്ചിന്‍ തെണ്ടുല്‍ക്കറുടെ സമകാലീനനായതുകൊണ്ടുമാത്രം വേണ്ടത്ര അംഗീകരിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യാതെപോയ ബാറ്റ്സ്മാനാണ് രാഹുല്‍. അതിലും രാഹുലിന് പരാതികളുണ്ടായിരുന്നില്ല. പ്രതികൂലസാഹചര്യങ്ങളില്‍ ടീമിനെ ഒറ്റയ്ക്ക് പൊരുതി ജയത്തിലേക്കുനയിച്ച് ഗ്രൗണ്ടില്‍നിന്ന് തിരിച്ചുകയറുമ്പോഴും 'ഇറ്റ്സ് ടീം എഫര്‍ട്ട്' എന്നുപറയുന്നതായിരുന്നു രാഹുലിന്റെ പതിവ്. അല്ലെങ്കില്‍ തനിക്കൊപ്പം ബാറ്റുചെയ്ത പങ്കാളിക്ക് സര്‍വ ക്രെഡിറ്റും ചാര്‍ത്തിക്കൊടുക്കും. ക്രിക്കറ്റില്‍ തന്റേതായ ശൈലിയും നീതിശാസ്ത്രവുമുണ്ട് രാഹുലിന്. ഒരിക്കലും അതില്‍നിന്ന് വ്യതിചലിക്കുയോ ഒത്തുതീര്‍പ്പുകള്‍ക്ക് മുതിരുകയോ ചെയ്തിട്ടില്ല. 

ക്രിക്കറ്റിന്റെ സര്‍വമേഖലയിലും നല്ല പിടിപാടും നേതൃപാടവവുമുണ്ടായിരുന്നിട്ടും ഇന്ത്യന്‍ ടീമിന്റെ നായകനെന്നനിലയില്‍ അധികനാള്‍ തുടരാനാവാതെപോയത് ഇത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് വയ്യാത്തതുകൊണ്ടാണ്. ചുരുങ്ങിയത് രണ്ടുവര്‍ഷംകൂടിയെങ്കിലും മികച്ചഫോമില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ പ്രാപ്തിയുള്ളപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞതിനും മറ്റു കാരണം അന്വേഷിക്കേണ്ട. ടീമിനുവേണ്ടി അപമാനങ്ങള്‍ സഹിക്കാന്‍ രാഹുല്‍ തയ്യാറായിട്ടുണ്ട്. പക്ഷേ, ഒത്തുതീര്‍പ്പുകള്‍ക്ക് മുതിരില്ല.

Content Highlights: Rahul Dravid The Man Behind Indian U-19 Teams Success