ന്ത്യന്‍ ജഴ്‌സിയില്‍ രാഹുല്‍ ദ്രാവിഡിന് ഒരു കിരീടം പോലും നേടാനായിട്ടില്ല. എന്നാല്‍ അണ്ടര്‍-19 ലോകകപ്പിലെ കിരീടനേട്ടത്തോടെ ദ്രാവിഡിന്റെ ആ നിരാശ സന്തോഷത്തിലേക്ക് വഴിമാറി. ഒരു പരിശീലകനെന്ന നിലയില്‍ ദ്രാവിഡ് അഭിമാനത്തോടെ തലയുയര്‍ത്തി നിന്ന നിമിഷം. 

പരിശീലകനെന്ന നിലയിലും വ്യത്യസ്തനായിരുന്നു ദ്രാവിഡ്. താന്‍ കളിക്കളത്തില്‍ പിന്തുടര്‍ന്ന മാന്യമായ പെരുമാറ്റവും ശാന്തസ്വഭാവവും അണ്ടര്‍-19 ടീമിനും ദ്രാവിഡ് പകര്‍ന്നുനല്‍കി. ഗ്രൗണ്ടിലെ പ്രകടനത്തോടൊപ്പം അച്ചടക്കത്തിനും ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ പ്രാധാന്യം നല്‍കി. ലോകകപ്പ് കിരീടം നേടിയപ്പോള്‍ ഇന്ത്യന്‍ യുവതാരങ്ങളുടെ ആഘോഷങ്ങളില്‍ നിന്ന് അത് വായിച്ചെടുക്കാവുന്നതാണ്. 

2008-ല്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം കിരീടം നേടിയപ്പോള്‍ മൈതാനത്ത് അരങ്ങേറിയ ആഘോഷം മറക്കാനാകില്ല. അന്നേ അക്രമണോത്സുകതയുടെ ആശാനായിരുന്നു കോലി. എന്നാല്‍ പൃഥ്വി ഷായോടും സംഘത്തോടും അങ്ങിനയൊരു ആഘോഷരീതിയിലേക്ക് നീങ്ങരുതെന്നായിരുന്നു ദ്രാവിഡിന്റെ ഉപദേശം. 

ഇത് ആഘോഷിക്കാനുള്ള നിമിഷം തന്നെയാണ്. നിങ്ങള്‍ ആഘോഷിക്കുക. പക്ഷേ ആരുടെ നാവില്‍ നിന്നും മോശമായി ഒരു വാക്കുപോലും പുറത്തു വരരുത്. ഈ വിജയം നമുക്ക് എതിരാളിയെ ബഹുമാനിച്ച് ആഘോഷിക്കാം. ഡ്രസ്സിങ് റൂമില്‍വെച്ച് ദ്രാവിഡ് ഇന്ത്യന്‍ യുവനിരക്ക് നല്‍കിയ ഉപേദശം ഇതായിരുന്നു. ഇന്ത്യന്‍ ടീമിനോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചുള്ള ട്വീറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. 'ഇന്ത്യന്‍ യുവനിരയുടെ അച്ചടക്കമാണ് ഞാന്‍ ശ്രദ്ധിച്ചത്. ദ്രാവിഡിന്റെ ആ മാന്യതയും അച്ചടക്കവും ഇന്ത്യന്‍ യുവനിരയും പകര്‍ത്തിയെടുത്തിരിക്കുന്നു'.

Content Highlights: Rahul Dravid secret message after India won the Under-19 Cricket World Cup