മൗണ്ട് മൗഗ്‌നുയി: തിങ്ങിനിറഞ്ഞ ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നില്‍ ഓസ്‌ട്രേലിയയുടെ ബൗളര്‍മാരെ പ്രതിരോധക്കോട്ട കെട്ടി തടുത്ത് ഇന്ത്യയുടെ യുവനിര കൗമാര ലോകകപ്പ് കിരീടം ചൂടി.  അക്രമണോത്സുകതയില്ലാതെ ശാന്തമായി ഓസ്‌ട്രേലിയയുടെ 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം ഒരു ഘട്ടത്തില്‍ പോലും തോല്‍വിയുടെ ഒരു ചെറിയ ഇലയനക്കം പോലും കാണിച്ചില്ല.

പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ 'സൈലന്‍സ് ബാറ്റിങ്'കളിക്കളത്തില്‍ പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം 67 പന്ത് ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിനാണ് കിരീടം നേടിയത്. ആധികാരികമായി ബാറ്റുവീശിയ ഓപ്പണര്‍ മന്‍ജോത് കല്‍റ സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യയുടെ വിജയം അനായാസാമാക്കുകയായിരുന്നു. 102 പന്തില്‍ എട്ടു ഫോറും മൂന്നു സിക്‌സുമടക്കം 101 റണ്‍സാണ് കല്‍റ അടിച്ചെടുത്തത്. 

അണ്ടര്‍-19 ലോകകപ്പില്‍ നാലു കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. മുഹമ്മദ് കൈഫ്, വിരാട് കോലി, ഉന്മുക്ത ചന്ദ് എന്നിവരുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഇതിന് മുമ്പ് കിരീടം നേടിയത്. 2016ലും രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. പക്ഷേ കലാശപ്പോരാട്ടത്തില്‍ വിന്‍ഡീസിന് മുന്നില്‍ അടിപതറുകയായിരുന്നു. ഇത്തവണ ആ തെറ്റില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അച്ചടക്കത്തോടെയായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. ഇടയ്ക്ക് മഴ ആവേശം കുറച്ചെങ്കിലും മികച്ച ഷോട്ടുകളിലൂടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മത്സരത്തെ തിരിച്ചുപിടിക്കുകയായിരുന്നു.

manjot karla
കര്‍ളയുടെ ബാറ്റിങ്   ഫോട്ടോ: ട്വിറ്റര്‍/ ഐസിസി

ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ പൃഥ്വി ഷായും മന്‍ജോത് കര്‍ളയും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 11.4 ഓവറില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 പന്തില്‍ നിന്ന് 29 റണ്‍സടിച്ച പൃഥ്വി ഷായെ സതര്‍ലാന്‍ഡ് പുറത്താക്കിയതോടെ ആ കൂട്ടുകെട്ട് പൊളിയുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്ലിന് സെമിയിലെ പ്രകടനം ആവര്‍ത്തിക്കാനായില്ല. ഉപ്പലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ ശുഭ്മാന്‍ 31 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ പിന്നീട് വിക്കറ്റ്കീപ്പര്‍ ഹാര്‍വിക് ദേശായിയെ കൂട്ടുപിടിച്ച് മന്‍ജോത് കര്‍ള ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 61 പന്തില്‍ 47 റണ്‍സുമായി ദേശായി പുറത്താകാതെ നിന്നു. 

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത  ഓസ്ട്രേലിയ 47.2 ഓവറില്‍  216 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. അഞ്ചു റണ്‍സെടുക്കുന്നതിനിടെയാണ് അവസാന നാല് വിക്കറ്റുകള്‍ ഓസീസ് കളഞ്ഞത്.

41.3 ഓവറില്‍ ആറു വിക്കറ്റിന് 191 റണ്‍സെന്ന നിലയിലായിരുന്ന ഓസ്ട്രേലിയ പിന്നീട് തകര്‍ച്ചയിലേക്ക് വീണു. ഓസീസിന്റെ വാലറ്റത്തിന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ പോറെല്‍, ശിവ സിങ്ങ്, നാഗര്‍കോട്ടി, റോയ് എന്നിവരുടെ ബൗളിങ്ങാണ് ഔസീസിന്റെ ബാറ്റിങ് നട്ടെല്ലൊടിച്ചത്. 102 പന്തില്‍ 76 റണ്‍സെടുത്ത ജൊനാഥാന്‍ മെര്‍ലോ മാത്രമാണ് പിടിച്ചുനിന്നത്. 

u-19 world cup
Photo: Twitter/ICC

 

32 റണ്‍സെടുക്കുന്നതിനിടയില്‍  ഓസീസിന്  ആദ്യ വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത ബ്രയന്റിനെ പൊറെല്‍ പുറത്താക്കുകയായിരുന്നു. പിന്നാലെ 28 റണ്‍സുമായി എഡ്വാര്‍ഡും 13 റണ്‍സെടുത്ത സാംഗയും ക്രീസ് വിട്ടു. ഉപ്പല്‍ 34 റണ്‍സിന് പുറത്തായപ്പോള്‍ അഞ്ചു റണ്‍സായിരുന്നു സതര്‍ലന്‍ഡിന്റെ സമ്പാദ്യം. ഹോള്‍ട്ട് 13 റണ്‍സിന് പുറത്തായപ്പോള്‍ ഇവാന്‍സിനും ഹാള്‍ഡിക്കും രണ്ടക്കം കടക്കാനായില്ല. 

ടൂര്‍ണമെന്റില്‍ പരാജയമറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. ഓസീസിനെ 100 റണ്‍സിന് പരാജയപ്പെടുത്തി തുടങ്ങിയ ഇന്ത്യ പാപുവ ന്യൂഗിനിക്കെതിരെ പത്ത് വിക്കറ്റ് വിജയം നേടി. സിംബാവെയും പത്ത് വിക്കറ്റിന് തോല്‍പ്പിച്ച പൃഥ്വി ഷായും സംഘവും ബംഗ്ലാദേശിനെ ക്വാര്‍ട്ടറില്‍ 131 റണ്‍സിന് തോല്‍പ്പിച്ചു. പാക്കിസ്ഥാനെതിരെ 203 റണ്‍സിനായിരുന്നു ഇന്ത്യയുടെ സെമിവിജയം.

u-19 world cup
കളി കാണാനെത്തിയ മലയാളികള്‍ ഫോട്ടോ: സ്‌ക്രീന്‍ഷോട്ട്‌

 

ഇന്ത്യയുടെ വിജയാഘോഷം

Content Highlights: India vs Australia U-19 World Cup Cricket Final