ക്രൈസ്റ്റ്ചര്‍ച്ച്: കളിക്കളത്തിലും പുറത്തും ചിരവൈരികളാണ് ഇന്ത്യയും പാകിസ്താനും. അയല്‍രാജ്യങ്ങളാണെങ്കിലും കളിക്കളത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ വൈരത്തിന്റെ ചൂട് കൂടും. എന്നാല്‍ അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ സെമിഫൈനലിനിടയില്‍ ഇരുടീമുകളിലെയും താരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനാണ് കാണികള്‍ സാക്ഷിയായത്.

ഗ്രൗണ്ടില്‍ വൈരമെല്ലാം മാറ്റിവെച്ച് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് പുറത്തെടുക്കുകയായിരുന്നു ഇരുടീമുകളിലെയും കളിക്കാര്‍. ഇന്ത്യയുടെ ഇന്നിങ്‌സിന്റെ 48-ാം ഓവറിലാണ് സൗഹൃദ നിമിഷം ഗ്രൗണ്ടില്‍ കണ്ടത്. 48-ാം ഓവറിലെ അഞ്ചാം പന്തെറിയുന്നതിന് മുമ്പ് ഇന്ത്യയുടെ സെഞ്ചുറി താരം ശുഭ്മാന്‍ ഗില്ലിന്റെ ഷൂ ലെയ്‌സ് കെട്ടിക്കൊടുത്ത് പാക് ഫീല്‍ഡര്‍ മാതൃകയാകുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ശുഭ്മാന്റെ ഷൂലെയ്‌സ് തടസ്സം സൃഷ്ടിച്ചപ്പോഴാണ് പാക് ഫീല്‍ഡര്‍ സഹായവുമായി അരികിലെത്തിയത്.

പിന്നീട് പാക് ഇന്നിങ്‌സിനിടയിലും സമാനമായ ഒരു സംഭവത്തിന് എല്ലാവരും സാക്ഷ്യം വഹിച്ചു. പാകിസ്താന്റെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍ പാക് ബാറ്റ്‌സ്മാന്റെ ഷൂ ലെയ്‌സ് കെട്ടിക്കൊടുക്കുകയായിരുന്നു. ഈ രണ്ട് ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. ഇന്ത്യയും പാകിസ്താനും എതിരാളികള്‍ മാത്രമാണ്, ശത്രുക്കളല്ല എന്നും ഇതാണ് യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റെന്നുമാണ് ആരാധകരുടെ ട്വീറ്റ്.

Content Highlights: India Pakistan semi final u-19 World Cup Cricket