മുംബൈ: കൗമാര ലോകകപ്പ് കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐയുടെ സമ്മാനമഴ. ടീം പരിശീകനായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപയും ഓരോ കളിക്കാരനുമായി 30 ലക്ഷം രൂപയുമാണി ബി.സി.സി.ഐ പ്രഖ്യാപിച്ചത്.

ഫീല്‍ഡിങ് കോച്ച് അഭയ് ശര്‍മ്മയും ബൗളിങ് കോച്ച് പരസ് മാംബെരിയുമടക്കമുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫിന് 20 ലക്ഷം രൂപ വീതവും സമ്മാനം ലഭിക്കും. അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ നാലാം കിരീടം നേടി ഇന്ത്യ ആ ബഹുമതി കരസ്ഥമാക്കുന്ന ആദ്യ രാജ്യമെന്ന ചരിത്രമാണ് കുറിച്ചത്. 

ഗുരു-ശിഷ്യന്‍ ബന്ധത്തിന്റെ മഹത്വം പിന്തുടരുന്നവരാണ് ഇന്ത്യക്കാരെന്നും അതിനാല്‍ തന്നെ ഗുരുവിന് കൂടുതല്‍ സമ്മാനത്തുക ലഭിക്കുമെന്നും ബി.സി.സി.ഐയിലെ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് വ്യക്തമാക്കി.

ഇന്ത്യയുടെ അഭിമാനമായി മാറിയ യുവടീമിനെ ബിസിസിഐയുടെ താത്ക്കാലിക കമ്മിറ്റി അധ്യക്ഷന്‍ വിനോദ് റായി അഭിനന്ദിച്ചു. ഇത് രാഹുല്‍ ദ്രാവിഡിന്റെ ആത്മാരര്‍ത്ഥക്കുള്ള പ്രതിഫലമാണെന്നും വിനോദ് റായ് വ്യക്തമാക്കി.

Content Highlights:BCCI reward of Rs 50 lakh for Dravid, Rs 30 lakh to players