ചൊവ്വാഴ്ച രാത്രി ബ്രസീലിലെ അലയന്‍സ് പാര്‍ക്കില്‍ നടന്ന ഫിഫ ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ചിലിയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ബ്രസീല്‍ തോല്‍പ്പിച്ചപ്പോള്‍ ഗോള്‍ സ്‌കോറര്‍മാരുടെ കൂട്ടത്തില്‍ പൗളീന്യോയുമുണ്ടായിരുന്നു. 55-ാം മിനിറ്റില്‍ ബ്രസീല്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത് ഹോസെ പൗളോ ബെസേര മാസ്യല്‍ എന്ന പൗളീേന്യായിലൂടെയായിരുന്നു. കൊച്ചിയില്‍ അണ്ടര്‍ 17 ലോകകപ്പ് രാവില്‍ ഉത്തരകൊറിയയ്‌ക്കെതിരേ ബ്രസീലിന്റെ രണ്ടാം ഗോള്‍ നേടിയതും പൗളീന്യോ.

ആദ്യമത്സരത്തില്‍ സ്‌പെയിനിനെതിരെയും പൗളീന്യോ ജൂനിയര്‍ ഗോള്‍ നേടിയിരുന്നു. രണ്ടും ഒരാളല്ല, പക്ഷേ, രണ്ട് പൗളീന്യോമാര്‍ ഇപ്പോള്‍ ബ്രസീല്‍ ഫുട്‌ബോളിന്റെ രക്ഷകരായിരിക്കുന്നു. പൗളീന്യോ സീനിയറിന് പ്രായം 29 ആയെങ്കില്‍ ജൂനിയര്‍ പൗളീന്യോ പതിനേഴുകാരനാണ്.

2014 ബ്രസീല്‍ ലോകകപ്പില്‍ കളിക്കാന്‍ അവസരം കിട്ടാതിരുന്ന പൗളീന്യോ സീനിയര്‍ അതിനുശേഷം ടീമിലെ ശ്രദ്ധാകേന്ദ്രമായിമാറുകയായിരുന്നു. ബോക്‌സ് ടു ബോക്‌സ് മിഡ്ഫീല്‍ഡറായും സെറ്റ്പീസ് വിദഗ്ധനായും ബ്രസീലിന്റെ നിക്ഷേപമായി വളര്‍ന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്‌ക്കെതിരേ ബ്രസീല്‍ ജയിച്ചപ്പോള്‍ ഗോള്‍ നേടി. പിന്നീട് യുറഗ്വായ്‌ക്കെതിരേ ഹാട്രിക്കും. ഓഗസ്റ്റില്‍ ഇക്വഡോറിനെതിരെയും സ്‌കോര്‍ ചെയ്തതോടെ വരാനിരിക്കുന്ന ലോകകപ്പില്‍ ബ്രസീലിന്റെ വലിയ പ്രതീക്ഷയായി വളര്‍ന്നുകഴിഞ്ഞു പൗളീന്യോ സീനിയര്‍. അന്താരാഷ്ട്ര ഫുട്‌ബോളിലെ മികച്ച ഫോമാണ് സ്​പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിലേക്ക് വഴിതുറന്നത്. ക്ലബ്ബിനായി ആറുമത്സരങ്ങളില്‍ രണ്ടു ഗോള്‍ നേടി.

അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലിന്റെ ഭാഗ്യതാരമായ പൗളീന്യോയുടെ മുഴുവന്‍ പേര് പൗളോ ഹെന്റിക് സാംപിയോ ഫിലോ. ബ്രസീല്‍ അണ്ടര്‍ 15 ടീമിലൂടെ അന്താരാഷ്ട്ര ഫുട്‌ബോളിലെത്തിയ വിങ്ങര്‍ ബ്രസീലിലെ വാസ്‌കോ ഡ ഗാമ സീനിയര്‍ ക്ലബ്ബിനുവേണ്ടിയാണ് കളിക്കുന്നത്.

ലളിതം, ചെറുത് എന്നൊക്കെ അര്‍ഥം വരുന്ന പൗളീന്യോ ബ്രസീലില്‍ ധാരാളമായി ഉപയോഗിക്കുന്ന പേരാണ്. ഇനി ഒന്നേ അറിയേണ്ടൂ, പൗളീന്യോ ജൂനിയറും സീനിയറും ഒന്നിച്ച് മഞ്ഞപ്പടയ്ക്കായി ഇറങ്ങുമോ?
 
ബ്രസീല്‍ ഗോവയില്‍

അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിനായി ബ്രസീല്‍ ടീം ഗോവയിലെത്തി. വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് നൈജറുമായാണ് ഇവിടെ ബ്രസീലിന്റെ മത്സരം. ഗ്രൂപ്പ് സിയിലെ അവസാനമത്സരത്തിന് ജര്‍മനി കൊച്ചിയിലേക്കുപോയി.

ഗ്രൂപ്പിലെ രണ്ടു മത്സരങ്ങളും ഒരേസമയത്ത് നടത്തേണ്ടതിനാലാണ് അവസാനമത്സരം രണ്ടു വേദികളിലേക്ക് മാറ്റുന്നത്.

ആദ്യ രണ്ടുകളികളും ജയിച്ച ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞു. താരതമ്യേന ദുര്‍ബലരായ നൈജറിനെ കീഴടക്കിയാല്‍ ഗ്രൂപ്പ് ജേതാക്കളായി മുന്നേറാം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വാസ്‌കോ വിമാനത്താവളത്തിലിറങ്ങിയ ബ്രസീല്‍ ടീം നേരേ ഹോട്ടലിലേക്കുപോയി. ബുധനാഴ്ച ടീം പരിശീലനത്തിനിറങ്ങിയില്ല. വ്യാഴാഴ്ച ഗ്രൗണ്ടിലെത്തും. ബ്രസീലിന്റെ എതിരാളിയായ നൈജറും ബുധനാഴ്ച വൈകീട്ട് ഗോവയിലെത്തി.