മഡ്ഗാവ്:  അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യമായി മുഖാമുഖം വന്ന മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ജയം. റ്യാന്‍ ബ്ര്വിസ്റ്ററുടെ ഹാട്രിക് ഗോളുകളുടെ മികവിലാണ് ഇംഗ്ലീഷ് പട അമേരിക്കന്‍ നിരയെ തുരത്തിയത്. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 

11-ാം മിനിറ്റിലാണ് റ്യാന്‍ ബ്ര്വിസ്റ്റര്‍ ആദ്യ വെടിയുതിര്‍ത്തത്. മത്സരം തീരാന്‍ സെക്കന്റുകള്‍ ബാക്കിനില്‍ക്കെ ലഭിച്ച പെനാല്‍റ്റിയിലൂടെ ബ്ര്വിസ്റ്റര്‍ തന്നെ അമേരിക്കയുടെ അന്തിമവിധിയും തീര്‍പ്പാക്കി. അമേരിക്കയുടെ സെര്‍ജിയോ ഡെസ്റ്റിന് ഇഞ്ചുറി ടൈമില്‍ റെഡ്കാര്‍ഡ് കിട്ടി പുറത്ത്‌പോകേണ്ടിയും വന്നു.

11-ാം മിനിറ്റില്‍ ബോക്‌സിന്റെ വലത് മൂലയില്‍ നിന്നുള്ള ഷോട്ടാണ് ഗോള്‍വലയില്‍ തൊട്ടത്. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പ് ബ്ര്വിസ്റ്റര്‍ 14-ാം മിനിറ്റില്‍ വീണ്ടും ഗോള്‍ വലചലിപ്പിച്ചു. ഫില്‍ ഫോഡെന്റെ ത്രോ പാസില്‍ നിന്നാണ് ബ്ര്വിസ്റ്റര്‍ ഇത്തവണ ലക്ഷ്യത്തിലേക്കെത്തിച്ചത്. 72-ാം മിനിറ്റിലാണ് അമേരിക്കയ്ക്ക് ആശ്വാസ ഗോള്‍ കണ്ടെത്താനായത്. ജോഷ്വാ സര്‍ജെന്റാണ് സ്‌കോര്‍ ചെയ്തത്.

നാളെ നടക്കുന്ന ബ്രസീല്‍-ജര്‍മനി മത്സരത്തിലെ ജേതാക്കളുമായിട്ടാണ് ഇംഗ്ലണ്ടിന്റെ സെമിഫൈനല്‍. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ ഇരുടീമുകള്‍ മികച്ചു നിന്നെങ്കിലും മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ കിട്ടിയ പ്രഹരം മറികടക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. ലോകകപ്പ് ക്വാര്‍ട്ടറില്‍ നാളെ ബ്രസീല്‍- ജര്‍മനി മത്സരത്തെ കൂടാതെ സ്‌പെയിന്‍ ഇറാന്‍ മത്സരവും നടക്കുന്നുണ്ട്.