മുംബൈ: അണ്ടര്‍ 17 ലോകകപ്പ് രണ്ടാം സെമിഫൈനലായ മലി-സ്‌പെയിന്‍ മത്സരത്തില്‍ വിവാദ 'ഗോള്‍'. കഴിഞ്ഞ ദിവസം മുംബൈ ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് വിവാദ 'ഗോള്‍' പിറന്നത്.

മത്സരത്തിന്റെ 61-ാം മിനിറ്റില്‍ മലിയുടെ ചീക്ക് ഡൗകോറെയുടെ ഒരു ലോങ് റേഞ്ച് പവര്‍ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ആല്‍വെറോ ഫെര്‍ണാണ്ടസിനേയും കടന്ന് ഗോള്‍ ലൈന്‍ കടന്നതാണ് വിവാദമായത്. എന്നാല്‍ റഫറി ഗോള്‍ അനുവദിച്ചില്ല. അതേസമയം പന്ത് ഗോള്‍​ലൈന്‍ കടന്നതായി ടി.വി.റീപ്ലേകളില്‍ വ്യക്തമായിരുന്നു. മത്സരത്തില്‍ സ്‌പെയിന്‍ രണ്ടു ഗോളിന് മുന്നിട്ട് നില്‍ക്കുന്ന സമയത്തായിരുന്നു ഇത്. അണ്ടര്‍ 17 ലോകകപ്പില്‍ ഗോള്‍ ലൈന്‍ ടെക്‌നോളജി ഉപയോഗിക്കാത്തതും മലിക്ക് വിനയായി. 

ടി.വി.റീപ്ലേകളില്‍ പന്ത് ഗോള്‍​ലൈന്‍ കടന്നെന്ന് കാണിച്ചതോടെ മത്സരത്തിനിടെ മലി ടീം ഒഫീഷ്യലുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. റഫറിയെ രൂക്ഷമായി വിമര്‍ശിച്ച ടീം അസിസ്റ്റന്റ് കോച്ചിന് മഞ്ഞകാര്‍ഡും ലഭിച്ചു.

സംഭവം വിവാദമായതോടെ ഫിഫക്കെതിരെയും സംഘാടകര്‍ക്കെതിരെയും നിരവധി പേര്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ഇത്തരം സുപ്രധാന ടൂര്‍ണമെന്റില്‍ എന്തുകൊണ്ട് ഗോള്‍ലൈന്‍ ടെക്‌നോളജി ഉപയോഗിച്ചില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. 2016 മുതല്‍ ഫിഫ ഗോള്‍ലൈന്‍ ടെക്‌നോളജി ഉപയോഗിച്ച് വരുന്നുണ്ട്.

മത്സരത്തില്‍ മലിയെ 3-1ന് പരാജയപ്പെടുത്തി സ്‌പെയിന്‍ ഫൈനലില്‍ കടന്നു. ശനിയാഴ്ച ഇംഗ്ലണ്ടുമായാണ് സ്‌പെയിന്‍ കലാശപോരില്‍ ഏറ്റമുട്ടുക.