ബ്രസീല്‍ താരം വെസ്ലിയുടെ സമനില ഗോളിന് ശേഷം ഇംഗ്ലീഷ് പരിശീലകന്‍ സ്റ്റീവ് കൂപ്പര്‍ ഗെയിംപ്ലാനില്‍ വരുത്തിയ മാറ്റമാണ് ടീമിന് സ്വപ്‌നതുല്യമായ ജയം സമ്മാനിച്ചത്. ബ്രസീലിന് ആക്രമിച്ച് കളിക്കാനുള്ള സ്‌പേസ് (ഇടം)നിഷേധിക്കുകയും ആക്രമണത്തിനും മധ്യനിരയിലേ ആധിപത്യത്തിനും അനുയോജ്യമായി ടീമിന്റെ ഘടന മാറ്റിയകൂപ്പറുടെ ചൂതാട്ടം വിജയം കണ്ടു.

4-2-3-1 ശൈലിയിലാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. ബ്രസീല്‍ 4-1-4-1 ശൈലിയിലും കളിച്ചു. കളിയുടെ 21-ാം മിനിറ്റ് വരെ ബ്രസീലിന് മധ്യനിരയില്‍ വ്യക്തമായ ആധിപത്യം കിട്ടി. സ്വന്തം ബോക്‌സ് പരിസരത്ത് നിന്ന് പന്ത് എത്രയും വേഗത്തില്‍ ഒഴിവാക്കണമെന്ന അടിസ്ഥാന തത്വം പാലിക്കാതിരുന്നതാണ് ബ്രസീല്‍ വല ആദ്യം കുലുങ്ങാന്‍ കാരണം. ഗോള്‍ വീണതോടെ ബ്രസീല്‍ മധ്യനിര ഉണര്‍ന്നു.

ആക്രമണത്തിന് അനുയോജ്യമാണെങ്കിലും ശക്തമായ മധ്യനിരയുള്ള ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ 4-2-3-1 ശൈലിയില്‍ മധ്യഭാഗത്ത് ആധിപത്യം കിട്ടണമെന്നില്ല. ബ്രസീല്‍ മധ്യനിരക്കാര്‍ക്ക് അവശ്യത്തിന് സ്‌പേസ് അനുവദിച്ചതാണ് ഇംഗ്ലണ്ടിന് വിനയായത്. ക്വാര്‍ട്ടറില്‍ ജര്‍മനിക്ക് സംഭവിച്ച മണ്ടത്തരം. എന്നാല്‍ സമനില ഗോളിന് ശേഷം കൂപ്പര്‍ അപകടം തിരിച്ചറിഞ്ഞു. ഇതോടെയാണ് കളിയെ മാറ്റിമറിച്ച തന്ത്രത്തിലേക്ക് പരിശീലകന്‍ വന്നത്.

4-2-3-1 ശൈലിയില്‍ നിന്നും ടീം 3-4-3 ലേക്ക് മാറി. ആക്രമണ ഫുട്‌ബോള്‍ കളിക്കുന്ന ബ്രസീലിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കുക. പ്രത്യാക്രമണത്തിന് കാത്തുനില്‍ക്കാതെ തുടരെ ആക്രമണം നടത്തുന്നതിന് അനുയോജ്യമായ ശൈലിയാണിത്.

ഇതിനൊപ്പം മധ്യനിരയില്‍ ബ്രസീലിനുള്ള ആധിപത്യം തകര്‍ക്കുക,ഒപ്പം മധ്യഭാഗത്തുകൂടി ആക്രമിച്ചു കയറുന്ന ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ മൂന്ന് പ്രതിരോധനിരക്കാരെ നിയോഗിക്കുക. ഫോര്‍മേഷന്‍ മാറ്റത്തിലൂടെ കൂപ്പര്‍ ലക്ഷ്യമിട്ടത് ഈ മൂന്ന് കാര്യങ്ങളായിരുന്നു. ഇത് മൂന്നും കളത്തില്‍ കൃത്യമായി നടപ്പാക്കാന്‍ ഇംഗ്ലീഷ് താരങ്ങള്‍ക്കായതോടെ ബ്രസീലിന്റെ കളി താളം തെറ്റി. 

ഏക സ്‌ട്രൈക്കറായി കളിച്ച റിയാന്‍ ബ്ര്യൂസ്റ്ററുടെ ഇടത്തും വലത്തുമായി ഫില്‍ ഫോഡനും ഹഡ്‌സനും കയറി കളിച്ചു. നാല് പേരുടെ പ്രതിരോധത്തില്‍ നിന്ന് സെസെനോന്‍ കയറി കളിക്കുന്ന വിങ് ബാക്കായി മധ്യനിരക്കൊപ്പം ചേര്‍ന്നു. ഇതോടെ നിരന്തരം ആക്രമണം സംഘടിപ്പിക്കാന്‍ ഇംഗ്ലീഷ് ടീമിനായി. കളി വിങ്ങുകളിലൂടെ മുന്നോട്ടുകൊണ്ടുപോകാനും അവര്‍ക്കായി.മധ്യനിരയില്‍ ബ്രസീല്‍ താരങ്ങള്‍ക്ക് സ്വതന്ത്ര്യം അനുവദിക്കാതിരുന്നതോടെ കളി കൂപ്പര്‍ മനസിലുള്ളതുപോലെ മുന്നോട്ടുപോയി.

ബദല്‍ തന്ത്രം നടപ്പാക്കാന്‍ ബ്രസീല്‍ പരിശീലകന്‍ കാര്‍ലോസ് അമേദ്യുവിന് കഴിയാതെ പോയി. വിങ്ങുകളില്‍ കൂടി കൂടുതല്‍ ആക്രമണത്തിന് തുനിഞ്ഞിരുന്നെങ്കില്‍ ഇംഗ്ലീഷ് പ്രതിരോധം പിളര്‍ത്താന്‍ കഴിയുമായിരുന്നു. യൂറി ആല്‍ബര്‍ട്ടോ കളത്തിനെത്തിയ ശേഷം ഇത്തരത്തില്‍ ടീം ചില നീക്കങ്ങള്‍ നടത്തിയിരുന്നു.വ്യക്തമായ ലീഡ് ലഭിച്ചതോടെ ഇംഗ്ലണ്ട് കളിയുടെ അവസാനഘട്ടത്തില്‍ ബ്ലോക്ക് ഡിഫന്‍സീലേക്ക് പോയി.