കൊല്‍ക്കത്ത: നാലുവര്‍ഷം മുമ്പ് ഇന്ത്യ കണ്ടുതുടങ്ങിയ സ്വപ്നം ശനിയാഴ്ച രാത്രി പൂര്‍ത്തിയാകും. ചരിത്രത്തിലാദ്യമായി ഇന്ത്യ അരങ്ങൊരുക്കിയ ഫിഫ ടൂര്‍ണമെന്റിലെ കലാശക്കളി രാത്രി പത്തുമണിയോടെ കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ സമാപിക്കും.
2014 ഡിസംബറിലാണ് ഇന്ത്യയെ ലോകകപ്പ് വേദിയായി ഫിഫ പ്രഖ്യാപിച്ചത്. അന്നുമുതല്‍ തുടരുന്ന നിരന്തര പരിശ്രമങ്ങളിലൂടെ ഈ ടൂര്‍ണമെന്റ് വന്‍വിജയമാക്കിത്തീര്‍ക്കാന്‍ നമുക്ക് കഴിഞ്ഞു. ഏറ്റവും കൂടുതല്‍ പേര് കണ്ട ലോകകപ്പ് എന്ന റെക്കോഡും സ്വന്തമായി.
ഇന്ത്യ ആദ്യമായി കളിച്ച ഫിഫ ടൂര്‍ണമെന്റ് എന്നനിലയ്ക്കും ഈ ലോകകപ്പ് നമ്മുടെ കായികചരിത്രത്തില്‍ ഇടംനേടും. ശനിയാഴ്ച രാത്രി 52-ാം മത്സരം പൂര്‍ത്തിയാകുമ്പോള്‍ അന്തിമചിരി ആരുടേതാണെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം...
സ്പെയിന് vs ഇംഗ്ലണ്ട്
ഇതുവരെ മൂന്നുതവണ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടി. രണ്ടു തവണയും ജയം സ്പെയിനൊപ്പം നിന്നു. ഒരു തവണ ഇംഗ്ലണ്ടിനൊപ്പവും. ഈ വര്‍ഷം നടന്ന യൂറോ അണ്ടര്‍-17 ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കിരീടം സ്പെയിന് നേടി. അന്ന് ഷൂട്ടൗട്ടില്‍ കലാശിച്ച യൂറോപ്യന്‍ ഫൈനലില്‍ സ്പെയിന് 4-1ന് ജയിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും 2-2ന് തുല്യത പാലിച്ചതിനെത്തുടര്‍ന്നായിരുന്നു ഷൂട്ടൗട്ട്. അണ്ടര്‍-17 ലോകകപ്പ് സ്പെയിന് ഇപ്പോഴും കീറാമുട്ടിയാണ്. 1991-ലും 2003-ലും 2007-ലും ഫൈനലില്‍ കടന്നെങ്കിലും തോറ്റു. ആദ്യമായാണ് ഇംഗ്ലണ്ട് അണ്ടര്‍-17 ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. 2007-ലും 2011-ലും ക്വാര്‍ട്ടര്‍റില്‍ കടന്നതാണ് ഇതുവരെയുള്ള നേട്ടം.
കണക്കിലെ ഫൈനല്‍
-സ്പെയിനും ഇംഗ്ലണ്ടും അണ്ടര്‍-17 ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത് ആദ്യം
-ഫൈനലില്‍ ഒരേ വന്‍കരകളിലെ ടീമുകള്‍ ഏറ്റുമുട്ടുന്നത് ഇത് മൂന്നാം തവണ. 1993ല്‍ ഘാന-നൈജീരിയ, 2015ല്‍ മലി-നൈജീരിയ ഫൈനല്‍ നടന്നു. യൂറോപ്യന്‍ ടീമുകളുടെ കന്നി ഫൈനലാണിത്.
-പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തീരുമാനമായത് നാല് ഫൈനലുകള്‍
-ഇതുവരെ നടന്ന 16 ഫൈനലില്‍ പിറന്നത് 35 ഗോളുകള്‍
-ഏറ്റവും കൂടുതല്‍ ഗോള്‍ 1995ലെ ബ്രസീല്‍-ഘാന ഫൈനലില്‍, അഞ്ചു ഗോളാണ് അന്ന് പിറന്നത്.