ഗുവാഹാട്ടി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടര്‍ ഹാവിയർ സെപ്പിക്കും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനുമെതിരെ ഗുവാഹാട്ടി പോലീസില്‍ പരാതി. ഗുവാഹാട്ടിയിൽ നടക്കേണ്ട ബ്രസീല്‍- ഇംഗ്ലണ്ട് മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റിയതിനെതിരെയാണ് പരാതി. ഗുവാഹാട്ടിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് തായ് അഹോം യുവ ഛാത്ര പരിഷത് എന്ന അസം സംഘടനയാണ് പരാതി നല്‍കിയിട്ടുള്ളത്. 

കനത്ത മഴയെ തുടര്‍ന്ന് ഗ്രൗണ്ട് മത്സരയോഗ്യമല്ലാതായതിനെ തുടർന്നാണ്  ഗുവാഹാട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നിന്ന കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലേക്ക് സെമിഫൈനല്‍ മാറ്റിയിരുന്നത്. ഗുവാഹത്തിയില്‍ നടന്ന മലി-ഘാന ക്വാര്‍ട്ടര്‍ ഫൈനലില്‍ കനത്ത മഴയിലാണ് മത്സരം നടന്നത്.

അസമിലെ ജനങ്ങള്‍ അപമാനിക്കുകയും വഞ്ചിക്കുകയുമാണ് ഫിഫ ചെയ്തത്. മത്സരം ഒരു പ്രയാസവുമില്ലാതെ ഗുവാഹാത്തിയില്‍ തന്നെ നടത്തമായിരുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള മാനസിക പ്രയാസത്തിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതി നല്‍കിയശേഷം തായ് അഹോം യുവ ഛാത്ര പരിഷത് പബ്ലിസിറ്റി സെക്രട്ടറി ധര്‍മ്മകന്റ ഗൊഗോയ് പറഞ്ഞു.