കൊല്‍ക്കത്ത: ഇന്ത്യ ഇപ്പോള്‍ ഒരു ഫുട്‌ബോള്‍ രാജ്യമായെന്ന് ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫന്റിനോ. അണ്ടര്‍ 17 ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് നടക്കുന്ന ഫിഫ കൗണ്‍സില്‍ മീറ്റില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അണ്ടര്‍ 17 ലോകകപ്പ് വലിയ വിജയകരമാക്കി തന്നതിന് ഇന്ത്യക്കാരോട് വലിയ നന്ദിയുണ്ട്. തനിക്കതില്‍ ഏറെ സന്തോഷകരമുണ്ടെന്നും ഇന്‍ഫന്റീനോ അറിയിച്ചു.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) വൈസ്.പ്രസിഡന്റ് സുപ്രതാ ദത്ത ഫിഫ പ്രസിഡന്റിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലുമായി അദ്ദേഹം അനൗദ്യോഗിക ചര്‍ച്ചയും നടത്തി.

അണ്ടര്‍ 17 ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കളി കാണാനെത്തിയ ടൂര്‍ണമെന്റാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. 1985 ല്‍ ചൈനയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഇന്ത്യക്കാര്‍ മറികടന്നത്. ഫിഫ പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ചയാണ് കൊല്‍ക്കത്തയില്‍ ഫിഫ കൗണ്‍സില്‍ മീറ്റിങ് നടക്കുക.

2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്‍) സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അതിഥിയായി ഇന്‍ഫന്റീനോക്കും സഹപ്രവര്‍ത്തകര്‍ക്കും മമത ബാനര്‍ജി ഡിന്നറും ഒരുക്കിയിട്ടുണ്ട്.

ശനിയാഴ്ചയാണ് ഇന്ത്യ ആദ്യമായ ആഥിതേയരായ അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനല്‍. സ്‌പെയിന്‍ ഇംഗ്ലണ്ടിനോടാണ് കലാശപ്പോരില്‍ ഏറ്റുമുട്ടുന്നത്.