ണ്ടര്‍-17 ലോകകപ്പില്‍ ആതിഥേയരെന്ന നിലയില്‍ കായികചരിത്രത്തില്‍ ഇടംപിടിച്ച് ഇന്ത്യ. കാണികളുടെയും ഗോളുകളുടെയും എണ്ണത്തില്‍ ചരിത്രം സൃഷ്ടിച്ച ലോകകപ്പിന് ആതിഥേയത്വം നല്‍കാന്‍ കഴിഞ്ഞതില്‍ നമുക്ക് അഭിമാനിക്കാം. ഏറ്റവും കൂടുതല്‍ കാണികള്‍ ഗാലറിയിലിരുന്ന് കളി കണ്ട ലോകകപ്പെന്ന റെക്കോഡില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തി. 

ലൂസേഴ്‌സ് ഫൈനലിനും ഫൈനലിനും മുമ്പ് റെക്കോഡിലെത്താന്‍ 2973 കാണികളുടെ കുറവാണ് ഇന്ത്യക്കുണ്ടായിരുന്നത്. എന്നാല്‍ ബ്രസീലും മലിയും തമ്മിലുള്ള മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള മത്സരം കാണാന്‍ സാള്‍ട്ട്‌ലെയ്ക്കിലെത്തിയത് 56442 പേരാണ്. ഇതോടെ ഫൈനല്‍ കണക്കാക്കാതെ തന്നെ 1284469 പേരാണ് കളി കാണാനെത്തിയത്. ലോകകപ്പ് ആരംഭിച്ച 1985-ല്‍ 1,230,976 പേരെ കളികാണാനെത്തിച്ച ചൈനയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 

ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ലോകകപ്പ് (183 ഗോളുകള്‍, 2013ല്‍ യു.എ.ഇയില്‍ നടന്ന ലോകകപ്പില്‍ പിറന്ന 172 ഗോള്‍ റെക്കോഡ് മറികടന്നു), ബ്രൂസ്റ്ററിന്റെ ഡബിള്‍ ഉള്‍പ്പെടെ നാല് ഹാട്രിക്കുകള്‍, ജപ്പാന്‍-ന്യൂകാലിഡോണിയ മത്സരം നിയന്ത്രിച്ച് എസ്തര്‍ സ്റ്റൗബ്ലി എന്ന വനിതാ റഫറി, ആദ്യമായെത്തി പ്രീക്വാര്‍ട്ടറില്‍ കടന്ന നൈജര്‍...തുടങ്ങി ഈ ലോകകപ്പ് നമുക്ക് സമ്മാനിച്ചത് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍.

ക്രിക്കറ്റിനെ ബൗള്‍ഡാക്കി ഫുട്‌ബോള്‍ 

2011-ല്‍ ഇന്ത്യയിലും ശ്രീലങ്കയിലും ബംഗ്ലാദേശിലുമായി നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ ഗാലറിയിലെത്തിയത് 1229826 പേര്‍. ശരാശരി 25098 പേര്‍. ഫുട്‌ബോള്‍ ലോകകപ്പില്‍ ഇതുവരെ 1284469 (ഫൈനല്‍ കൂട്ടാതെ) കാണികളെത്തി. ഇതോടെ 2011ലെ ക്രിക്കറ്റ് ലോകകപ്പിനെയും കുട്ടിഫുട്‌ബോള്‍ മറികടന്നു. കൊല്‍ക്കത്തയിലെ സ്റ്റേഡിയത്തിന്റെ പരമാവധി കപ്പാസിറ്റി 66600 ആണ്.  ക്വാര്‍ട്ടറില്‍ ബ്രസീല്‍-ജര്‍മനി പോരാട്ടം കണ്ടത് 66613 പേരാണ്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയതും ഈ മത്സരമാണ്. ഏറ്റവും കുറവ് കാണികളെത്തിയത് കൊച്ചിയില്‍ നടന്ന ഉത്തരകൊറിയ-നൈജര്‍ മത്സരത്തിന്. 2754 പേരാണ് ഇവിടെയെത്തിയത്.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീം നൈജീരിയയാണ്. 2013 ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് അവര്‍ അടിച്ചത് 26 ഗോളുകളാണ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരനെന്ന റെക്കോഡ് നൈജീരിയയുടെ വിക്ടര്‍ ഒസിമെന്റെ പേരിലാണ്. 2015 ലോകകപ്പില്‍ ഏഴു കളികളില്‍ നിന്ന് വിക്ടര്‍ നേടിയത് പത്തു ഗോളുകള്‍. ലോകകപ്പില്‍ ഏറ്റവും വലിയ വിജയം സ്പെയിന്റെ പേരിലാണ്. 1997 ലോകകപ്പില്‍ ഈജിപ്തിലെ ഇസ്മാലിയ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസീലന്‍ഡിനെ സ്പെയിന്‍ തോല്‍പ്പിച്ചത് എതിരില്ലാത്ത 13 ഗോളിനാണ്. 

നാല് ഹാട്രിക്കുകളാണ് ഇതുവരെ ഇന്ത്യ ആതിഥേയരായ ടൂര്‍ണമെന്റില്‍ പിറന്നത്. ഇംഗ്ലണ്ടിന്റെ റിയാന്‍ ബ്രൂസ്റ്റര്‍(അമേരിക്കക്കെതിരെയും ബ്രസീലിനെതിരെയും), ജപ്പാന്റെ കെയ്‌റ്റോ നകാമുറ(ഹോണ്‍ഡുറസിനെതിരേ), അമേരിക്കയുടെ തിം വിയ(പാരഗ്വായ്ക്കെതിരേ) എന്നിവരാണ് ഹാട്രിക്കിനുടമകല്‍. അഞ്ച് മത്സരങ്ങളില്‍നിന്ന് 480 മിനിറ്റാണ് ഇംഗ്ലണ്ട് താരം ബ്രൂസ്റ്റര്‍ മൈതാനത്ത് ചെലവഴിച്ചത്. റൂയിസ് ആറു കളികളില്‍ നിന്ന് 529 മിനിറ്റ് മൈതാനത്ത് ചെലവഴിച്ചപ്പോള്‍ 513 മിനിറ്റാണ് മലിയുടെ താരം എന്‍ദിയയെ മൈതാനത്തുണ്ടായിരുന്നത്.