കൊച്ചി: മൈതാനത്ത് തങ്ങള്‍ എതിരാളികളാണെങ്കിലും കളിക്കളത്തിന് പുറത്ത് തങ്ങള്‍ സൗഹൃദത്തിലാണെന്ന് തെളിയിച്ച് ഫിഫ അണ്ടര്‍ 17 ലോകകപ്പ് ടീമുകള്‍. ഹോട്ടല്‍ ക്രൗണ്‍ പ്ലാസ സംഘടിപ്പിച്ച കേക്ക് മിക്‌സിങ്ങില്‍ ടീമുകളിലെ സ്റ്റാഫംഗങ്ങള്‍ ഒരേ മനസ്സോടെ പങ്കുകൊണ്ടു. ബ്രസീല്‍, സ്‌പെയിന്‍, നൈജര്‍, ഉത്തര കൊറിയ ടീമുകളുടെ സ്റ്റാഫ് അംഗങ്ങളാണ് തങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന കേക്ക് മിക്‌സിങ്ങില്‍ പങ്കാളികളായത്. 

ഇന്ത്യയിലെത്തി കേക്ക് മിക്‌സിങ്ങിൽ പെങ്കടുക്കാനായതില്‍ സന്തോഷമുണ്ടെന്ന് ടീമുകളുടെ പ്രതിനിധികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയ ടീമുകളുടെ അംഗങ്ങളാണെങ്കിലും ബ്രസീല്‍ ടീമിന്റെ ഷെഫ് എഡ്വേര്‍ഡോയ്ക്കും സ്‌പെയിന്‍ ടീമിന്റെ ഷെഫ് സേവ്യറിനും കേക്ക് മിക്‌സിങ് മികച്ച അനുഭവമായെന്ന കാര്യത്തില്‍ ഒരേസ്വരം.

ക്രിസ്മസിന് മുന്നോടിയായി എല്ലാ വര്‍ഷവും തങ്ങള്‍ കേക്ക് മിക്‌സിങ് നടത്താറുണ്ടെന്ന് ക്രൗണ്‍ പ്ലാസയിലെ എക്‌സിക്യൂട്ടീവ് ഷെഫ് കലേഷ് പറഞ്ഞു. യൂറോപ്പില്‍ കേക്ക് മിക്‌സിങ് പരമ്പരാഗതമായ ഒരാഘോഷമാണ്. നമ്മള്‍ വര്‍ഷങ്ങളായി ഇവിടെ കേക്ക് മിക്‌സിങ് സംഘടിപ്പിക്കുന്നുണ്ട്. ഈ അവസരത്തില്‍ ഹോട്ടലില്‍ താമസിക്കുന്ന അതിഥികളെയും ക്ഷണിക്കുന്ന പതിവുണ്ട്. ഇത്തവണ ലോകകപ്പ് ടീമുകളും ഉണ്ടായതിനാല്‍ അവരെയും ക്ഷണിച്ചിരുന്നു. നാലു ടീമുകളിലെയും അംഗങ്ങള്‍ വളരെ ആവേശത്തോടെയാണ് മിക്‌സിങ്ങില്‍ പങ്കെടുത്തത് കലേഷ് വ്യക്തമാക്കി.

cake mixing

7500 കിലോ കേക്ക് ഉണ്ടാക്കുന്നതിനുള്ള മിക്‌സാണ് ഇന്ന് തയ്യാറാക്കിയിരിക്കുന്നത്. 1200 കിലോ ഡ്രൈ ഫ്രൂട്ട്‌സും 200 കിലോ പഞ്ചസാരയും 200 ലിറ്റര്‍ റെഡ് വൈനും 200 ലിറ്റര്‍ തേനും ഉള്‍പ്പെടെയുള്ള ചേരുവകളാണ് കേക്ക് മിക്‌സിലുള്ളത്. വൈനില്‍ പാകംചെയ്‌തെടുത്ത് ഫ്രൂട്ട്‌സ് ആണ് മിക്‌സിന് ഉപയോഗിക്കുക. ഇന്ന് തയ്യാറാറാക്കിയ മിക്‌സ് ഇനി വായു കടക്കാത്ത കണ്ടെയ്‌നറുകളില്‍ സൂക്ഷിക്കും. ക്രിസ്മസിനോട് അനുബന്ധിച്ചാകും കേക്ക് ഉണ്ടാക്കുന്നതിനായി മിക്‌സിങ് പുറത്തെടുക്കുക.