കൊല്‍ക്കത്ത: രാജ്യം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനല്‍ മത്സരം കാണാന്‍ ക്രിക്കറ്റ്‌ ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും എത്തും. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ശനിയായ്ചയാണ് മത്സരം.

ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് സച്ചിനും ഗാംഗുലിയും. ഇവരെ കൂടാതെ ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫന്റീനോ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരും സന്നിഹിതരാകും. മത്സരം കാണുന്നതിനും ഫിഫ  കൗണ്‍സില്‍ യോഗത്തിനുമായി ഇന്‍ഫന്റീനോ കൊല്‍ക്കത്തയില്‍ എത്തിക്കഴിഞ്ഞു.

ഇംഗ്ലണ്ടും സ്‌പെയിനുമാണ് ഫൈനലില്‍ കിരീടപോരാട്ടം നടത്തുന്നത്. സെമിയില്‍ ഇംഗ്ലണ്ട് ബ്രസീലിനേയും സ്‌പെയിന്‍ മലിയേയും പരാജയപ്പെടുത്തിയാണ് ഫൈനല്‍ പ്രവേശം നേടിയത്. 

ഇന്ത്യ ആദ്യമായി ആതിഥേയരായ അണ്ടര്‍ 17 ലോകകപ്പ് വന്‍വിജയമായിരുന്നുവെന്ന് ഇന്ത്യയിലെത്തിയ ഫിഫ പ്രസിഡന്റ് പറഞ്ഞിരുന്നു. ജൂനിയര്‍ ലോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ എത്തിയ ടൂര്‍ണ്ണമെന്റ് കൂടിയാണ് ഇന്ത്യയില്‍ നടന്നത്.