കൊല്‍ക്കത്ത: അണ്ടര്‍-17 ലോകകപ്പിന്റെ സെമിഫൈനല്‍ വേദി മാറ്റി. ബ്രസീലും ഇംഗ്ലണ്ടും തമ്മിലുള്ള സെമിഫൈനലിന്റെ വേദിയാണ് ഗുവാഹത്തി ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നിന്നും കൊല്‍ക്കത്ത വിവേകാനന്ദ യുബ ഭാരതി ക്രീരങ്കന്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്‌.

ഗുവാഹത്തിയിലെ തുടര്‍ച്ചയായ മഴ മൂലം ഇന്ദിരാഗാന്ധി സ്റ്റേഡിയം ചളിക്കുളമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വേദി മാറ്റിയത്. ബുധനാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്കാണ് ബ്രസീല്‍-ഇംഗ്ലണ്ട് സെമി.

ഒക്ടോബര്‍ 28ന് നടക്കുന്ന ഫൈനലിനും വേദിയാവുന്നത് കൊല്‍ക്കത്ത വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയമാണ്. ഗുവാഹത്തിയില്‍ മത്സരം കാണാന്‍ ടിക്കറ്റെടുത്തവര്‍ക്ക് പണം തിരിച്ചുകൊടുക്കുകയോ അതല്ലെങ്കില്‍ കൊല്‍ക്കത്തയില്‍ കളി കാണാന്‍ അവസരം നല്‍കുകയോ ചെയ്യുമെന്ന് ഫിഫ വ്യക്തമാക്കി.