കേരളത്തില്‍ ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ മൂന്ന് വിഭാഗങ്ങളാണുള്ളത്. ഒന്ന്, ബ്രസീല്‍ ആരാധകര്‍. രണ്ട്, അര്‍ജന്റീന മൂന്ന് ഇത് രണ്ടുമല്ലാത്ത ടീമിനെ സ്നേഹിക്കുന്നവര്‍. ഇതില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീമിനോടാണ് കളി കാണാന്‍ തുടങ്ങിയ നാള്‍ മുതല്‍ എനിക്കിഷ്ടം. എന്നാല്‍ ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് യോഗ്യത കിട്ടാത്തത് നഷ്ടമാണ്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന്റെ സന്തോഷത്തോടൊപ്പം അര്‍ജന്റീനയില്ലാത്തത് നിരാശ പകരുന്നു. 

ഡീഗോ മാറഡോണയും സംഘവും കിരീടമുയര്‍ത്തിയ 1986 ലോകകപ്പ് മുതലാണ് എനിക്ക് അര്‍ജന്റീന ഫുട്ബോള്‍ ടീമിനോടുള്ള ഇഷ്ടം തുടങ്ങിയത്. ഒരിക്കല്‍ മാറഡോണ കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തെ നേരിട്ട് കാണാന്‍ സാധിച്ചു. ജീവിതത്തില്‍തന്നെ ഏറ്റവും സന്തോഷം പകര്‍ന്ന നിമിഷങ്ങളിലൊന്നായിരുന്നു അത്. മാറഡോണയോട് തോന്നിയ അതേ ഇഷ്ടം ഇന്നും നീലവരയന്‍ കുപ്പായത്തില്‍ കളിക്കുന്ന ഓരോ കളിക്കാരോടും നിലനില്‍ക്കുന്നുണ്ട്. അര്‍ജന്റീനയുടെ ആവേശങ്ങളിലും നിരാശയിലും ഒരു സാധാരണ ആരാധകനെ പോലെ പങ്കുചേര്‍ന്നിട്ടുണ്ട്.

ലോകകപ്പ് ഇന്ത്യയില്‍ നടക്കുമെന്ന് പ്രഖ്യാപിച്ച നാളില്‍തന്നെ ഞാന്‍ സ്വപ്നം കണ്ടത് അര്‍ജന്റീനയും ബ്രസീലുമെല്ലാം ഇവിടെ കളിക്കുന്നതായിരുന്നു. അര്‍ജന്റീനയുടെ കളി കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഇരുന്നു കാണണമെന്നതും ഒരു ആഗ്രഹമായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കുമുമ്പേ അര്‍ജന്റീനയ്ക്ക് യോഗ്യതയില്ല എന്ന കാര്യം അറിഞ്ഞതോടെ ഏറെ നിരാശയായി. ശരിക്കും ആരാധകരുടെ സ്വകാര്യ ദുഃഖത്തേക്കാള്‍ ഈ ലോകകപ്പിന്റെ നഷ്ടമാണ് അര്‍ജന്റീന. 

ലയണല്‍ മെസ്സിയടക്കമുള്ള താരങ്ങള്‍ ഫിഫയുടെ ജൂനിയര്‍, യൂത്ത് ലോകകപ്പിലൂടെ വളര്‍ന്നുവന്നവരാണ്. ഒരു പക്ഷേ, അര്‍ജന്റീന ഇന്ത്യയില്‍ കളിച്ചിരുന്നെങ്കില്‍ ഒരുപാട് ഭാവി മെസ്സിമാരെ നമുക്ക് നേരിട്ട് കാണാമായിരുന്നു. പക്ഷേ, ഇത്തവണ ഇന്ത്യന്‍ ആരാധകര്‍ക്ക് അതിന് അവസരമുണ്ടായില്ല. ഇന്ത്യന്‍ മണ്ണ് ലോകകപ്പിന് ഇനിയും വേദിയാവുമെന്നാണ് എന്റെ വിശ്വാസം. അത്കൊണ്ടുതന്നെ നീലക്കുപ്പായക്കാര്‍ ഒരിക്കല്‍ നമുക്കുമുന്നില്‍ ലോകകപ്പ് ഫുട്ബോളില്‍ പന്തു തട്ടുന്ന ഒരു കാലം വരികതന്നെ ചെയ്യും. 

അര്‍ജന്റീനയില്ലെങ്കിലും ടൂര്‍ണമെന്റ് അടുത്തമാസം ഇന്ത്യക്കാര്‍ക്ക് വിരുന്നൊരുക്കും. ഒപ്പം നമ്മുടെ ഇന്ത്യന്‍ പതാക ഫുട്ബോള്‍ ലോകകപ്പില്‍ പാറും. ഫുട്ബോള്‍ രംഗത്ത് മാറ്റമുണ്ടാക്കാന്‍ ഈ ലോകകപ്പിന് സാധിക്കട്ടെ.