കൊല്‍ക്കത്ത: കൗമാര ലോകകപ്പ് കിരീടത്തിനായി ഇന്ന് കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടും സ്‌പെയിനും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിനുള്ളില്‍ മറ്റൊരു മത്സരം കൂടി നടക്കും. ടൂര്‍ണ്ണമെന്റിലെ ടോപ്‌സ്‌കോററായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന്റെ റിയാന്‍ ബ്രൂസ്റ്ററും സ്പാനിഷ് നായകന്‍ ആബേല്‍ റൂയിസും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം.

അഞ്ച് മത്സരങ്ങളില്‍ നിന്നായി ഏഴ് ഗോളുമായി റിയാന്‍ ബ്രൂസ്റ്ററാണ് മുന്നിലുള്ളത്. ആറ് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുമായി ആബേല്‍ റൂയിസ് തൊട്ടുപിന്നിലും. തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ ഹാട്രിക്ക് ഗോളുകളുമായി മികച്ച ഫോമില്‍ നില്‍ക്കുകയാണ് ബ്രൂസ്റ്റര്‍. കളിച്ച ഭൂരിപക്ഷം കളികളിലും ഗോളടിച്ച് സ്പാനിഷ് പടയെ മുന്നില്‍നിന്ന് നയിക്കുകയാണ് ആബേല്‍ റൂയിസ്.

ഒമ്പതാം നമ്പര്‍ ജഴ്‌സിക്കാരാണ് ഇരുവരും. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സിലോണയുടെ താരമാണ് റൂയിസെങ്കില്‍ ബ്രൂസ്റ്റര്‍ ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂള്‍ താരമാണ്. ബോക്‌സില്‍ ലഭിക്കുന്ന എത്ര ദുഷ്‌കരമായ അവസരങ്ങളും ലക്ഷ്യത്തിലെത്തിക്കാന്‍ ഇരുവരും ഒരു പോലെ മിടുക്കര്‍.

എതിര്‍ടീം പ്രതിരോധ നിരയുടെ മാര്‍ക്കിങില്‍ നിന്ന് മാറി സൗമ്യനായി അറ്റാക്കിങ് നടത്തുന്നയാളാണ് റൂയിസ്. ലോങ് റേഞ്ച് ഷോട്ടുകളിലൂടെ എതിരാളികളെ നിരന്തരം പരീക്ഷിക്കുന്ന താരമാണ് ബ്രൂസ്റ്റര്‍. ഷോട്ടുകളെ പോലെതന്നെ വെടിയുണ്ട് പോലെയാണ് ബ്രൂസ്റ്ററുടെ പന്തുമായുള്ള കുതിപ്പും. സെമിയില്‍ ബ്രസീലിനെതിരെയും ക്വാര്‍ട്ടറില്‍ അമേരിക്കയ്‌ക്കെതിരെയുമാണ് ബ്രൂസ്റ്റര്‍ ഹാട്രിക് നേടിയിരുന്നത്.

കന്നി കിരീടത്തിനായി ഇന്ന് ഇരുടീമുകളും ഏറ്റമുട്ടുമ്പോള്‍ ഇരുവരും തന്നെയായിരിക്കും കളിക്കളത്തിലുള്ളവരുടേയും കളിക്കാണാനെത്തയവരുടേയും നോട്ടപ്പുള്ളികള്‍.

ഇതിനിടെ ഗോള്‍ഡന്‍ബൂട്ടിനായി ഫൈനല്‍ കളിക്കാത്ത മറ്റൊരു താരം കൂടി രംഗത്തുണ്ട്. മലിയുടെ ലസാന എന്‍ഡിയായെ. ആറ് മത്സരങ്ങളില്‍ നിന്ന് ആറ് ഗോള്‍ നേടിയ ലസാനക്ക് ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ ബ്രസീലുമായുള്ള ലൂസേഴ്‌സ് ഫൈനലില്‍ അവസരമുണ്ട്. ഫൈനലിന് മുന്നോടിയായിട്ടാണ് ലൂസേഴ്‌സ് ഫൈനല്‍ നടക്കുക.