രു ഫുട്ബോള്‍ താരമാവുക എന്ന സ്വപ്നം ഉള്ളില്‍ വെച്ച് തുന്നിക്കൂട്ടിയെടുത്ത പന്തു പോലെയാണ് ഇന്ത്യന്‍ യുവനിരയുടെ പോസ്റ്റര്‍ ബോയ് ആയ കോമള്‍ തട്ടാലിന്റെ ജീവിതം. തയ്യല്‍ക്കാരായ അച്ഛനും അമ്മയും തുന്നിക്കൂട്ടിയെടുത്ത പണത്തിന് ഭക്ഷണം പോലും കഴിക്കാതെ മകന്റെ ഫുട്ബോള്‍ സ്വപ്നങ്ങള്‍ക്കൊപ്പം നിന്നു. പലപ്പോഴും സാമ്പത്തിക പരാധീനത സൂചിമുന കൊണ്ട പോലെ കോമളിനെ വേദനിപ്പിച്ചെങ്കിലും സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല.

അതുകൊണ്ടു തന്നെയാവണം ഇന്ത്യയുടെ മധ്യനിരയെ സൂചിയില്‍ കോര്‍ത്ത നൂലു പോലെ കോമള്‍ മുന്നോട്ടു നയിക്കുന്നത്. അതല്ലെങ്കില്‍ വലതു വിങ്ങില്‍ നിന്ന് പന്ത് സ്ട്രൈക്കര്‍ക്ക് കോര്‍ത്ത് നല്‍കുന്നത്. ഗോവയിലെ ബാംബോലിമില്‍ നടന്ന ബ്രിക്സ് അണ്ടര്‍-17 ടൂര്‍ണമെന്റില്‍ ബ്രസീലിനെതിരെ ഗോള്‍ നേടിയതോടെയാണ് കോമളിന്റെ യഥാര്‍ത്ഥ പ്രതിഭ എല്ലാവരും തിരിച്ചറിഞ്ഞത്. ഇതോടെ ബ്രസീലിനെതിരെ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഫുട്ബോള്‍ താരമെന്ന വിശേഷണം കോമളിനൊപ്പം കൂടി.

കുട്ടിക്കാലത്ത് പയര്‍മണി തട്ടിക്കളിച്ചാണ് കോമള്‍ ഫുട്ബോള്‍ കളിച്ചിരുന്നതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ അത് സത്യമാണ്. വെസ്റ്റ് സിക്കീമിലെ ടിന്‍ബുര്‍ബുന്‍ഗിലെ സിമന്റിട്ട വീട്ടുമുറ്റത്തായിരുന്നു പയര്‍ മണിയില്‍ കോമളിന്റെ അഭ്യാസം. അന്ന് അവന് മൂന്നോ നാലോ വയസ്സ് മാത്രമാണ് പ്രായം. പിന്നീട് തുന്നലിനൊടുവില്‍ ബാക്കിയാവുന്ന തുണിക്കഷ്ണങ്ങള്‍ കൂട്ടിക്കെട്ടി അതുപയോഗിച്ചായി കോമളിന്റെ കളി. ഒടുവില്‍ വീടിനടുത്തുള്ള ഗ്രൗണ്ടില്‍ പരിശീലനത്തിന് പോയിത്തുടങ്ങിയപ്പോള്‍ അവന്‍ അച്ഛനോട് ഫുട്ബോള്‍ വേണമെന്ന് പറഞ്ഞു, ഒപ്പം ബൂട്ടും. ഇത് രണ്ടും വാങ്ങിക്കൊടുക്കാന്‍ അച്ഛന്‍ അരുണ്‍ കുമാറിനോ അമ്മ സുമിത്രയ്ക്കോ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മിച്ചം വന്ന കൂട്ടിവെച്ച പണമെടുത്ത് അരുണും സുമിത്രയും അവന്റെ ഫുട്ബോള്‍ ആഗ്രഹത്തിനൊപ്പം നിന്നു.

അച്ഛന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഫുട്ബോള്‍ തന്നെയാണ് കോമളിന്റെ ഞരമ്പിലും ഓടുന്നത്. മികച്ച മുന്നേറ്റതാരമായിട്ടും പത്താം ക്ലാസിനപ്പുറം തന്റെ ഫുട്ബോളിനെ കൂടെക്കൂട്ടാന്‍ അരുണിനായില്ല. പ്ലസ്റ്റുവിലെത്തിയപ്പോഴേക്കും കാമുകിയെ വിവാഹം ചെയ്ത് അരുണിന് ഭര്‍ത്താവിന്റെ റോള്‍ കൂടി എറ്റെടുക്കേണ്ടി വരിയായിരുന്നു. 1999ല്‍ സിക്കീം ഗവണ്‍മെന്റ് നടത്തിയ പരിഷ്‌കാരങ്ങളാണ് കോമളെന്ന ഫുട്ബോള്‍ താരത്തെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായകമായത്. ഓരോരുത്തരുടെയും പശ്ചാത്തലം നോക്കാതെ, മറിച്ച് കഴിവ് മാത്രം മുനിര്‍ത്തി ഗവണ്‍മെന്റ് പരിശീലനം നല്‍കി. പട്ടികജാതി വിഭാഗക്കാരനായ കോമളിന് അതുകൊണ്ടുതന്നെ എവിടെയും അവഗണന നേരിട്ടില്ല. കളിയിലെ കഴിവുകൊണ്ടു എന്നും മുന്‍ഗണനയില്‍ തന്നെയായിരുന്നു.

ഇന്ത്യന്‍ യുവമിഡ്ഫീല്‍ഡര്‍ കരിയര്‍ വളര്‍ത്തിയെടുക്കുന്ന യാത്രയില്‍ ആദ്യം ബസ്സിറങ്ങിയത് ടിന്‍ബുര്‍ബുങ്ങിലെ ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഫുട്ബോള്‍ മാത്രമായിരുന്നു കോമളിന്റെ മനസ്സുനിറയെ. ഒരിക്കല്‍ മാത്രം കോമള്‍ ഫുട്ബോളല്ലാതെ മറ്റൊരു മത്സരത്തില്‍ കൂടി പെങ്കെടുത്തു. സ്‌കൂളില്‍ നടന്ന ഒമ്പത് കിലോമീറ്റര്‍ മാരത്തണിലായിരുന്നു അത്. അന്ന് ഓടി രണ്ടാം സ്ഥാനത്തെത്തിയ കോമളിന് അത് ഫുട്ബോള്‍ ഗ്രൗണ്ടിലുള്ള ഓട്ടം കൂടിയായിരുന്നു.

സ്‌കൂള്‍ വിട്ടുവന്നാല്‍ ബാഗെല്ലാം ഒരിടത്തേക്ക് വലിച്ചെറിഞ്ഞ് ബൂട്ടും കൈയിലെടുത്ത് കോമള്‍ ഗ്രൗണ്ടിലേക്ക് ഒരോട്ടമായിരിക്കും. ഇടക്ക് അരുണ്‍ അവനെ ചീത്ത പറയും. പഠനത്തില്‍ ശ്രദ്ധിക്കണമെന്ന് പറയും. അതില്‍ നിന്ന് രക്ഷപ്പെടാനും വികൃതിയായ കോമള്‍ ഒരു വഴി കണ്ടെത്തി. ജനലിലൂടെ ബൂട്ടുകള്‍ ചായച്ചെടിയ്ക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് വെറുംകൈയോടെ കോമള്‍ മുറ്റത്തേക്കിറങ്ങി വരും. അച്ഛന്‍ നോക്കുമ്പോള്‍ കൈയില്‍ ഒന്നുമുണ്ടാവില്ല. തുടര്‍ന്ന് ഗ്രൗണ്ടിലേക്കുള്ള ഓട്ടത്തിനിടയില്‍ ചെടിക്കുള്ളില്‍ നിന്ന് ആ ബൂട്ടെടുക്കും. ഇതായിരുന്നു കോമളിന്റെ സ്ഥിരം പരിപാടി. 

ഒരു ഫുട്ബോള്‍ താരമെന്ന നിലയില്‍ കോമളിന് ഒരു സമ്മാനം ലഭിക്കുന്നത് സണ്‍ഡങ് സ്‌കൂളിന് വേണ്ടി ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്തപ്പോഴാണ്. അന്ന്  ഒമ്പതു ഗോള്‍ നേടിയ കോമളിന് 1500 രൂപയും ട്രോഫിയും സ്പോര്‍ട്സ് ഷൂവും സമ്മാനമായി ലഭിച്ചു. ആ ഷൂ ഇപ്പോഴും കോമള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. സ്‌കൂള്‍ ടൂര്‍ണമെന്റിലെ പ്രകടനം നാംച്ചി സ്പോര്‍ട്സ് ഹോസ്റ്റലിലേക്കാണ് കോമളിനെ എത്തിച്ചത്. അന്ന് കളി കണ്ട സ്പോര്‍ട്സ് ഹോസ്റ്റല്‍ ഡയറക്ടര്‍ കോമളിനോട് അപേക്ഷ നല്‍കാന്‍ പറയുകയായിരുന്നു. അവിടെ നിന്ന് ഇന്ത്യയുടെ അണ്ടര്‍-17 ടീം സിക്കിം സെലക്റ്ററും നോര്‍ത്ത ഈസ്റ്റ് സോണിന്റെ അണ്ടര്‍-18 ലീഗ് സെലക്ടറുമായ സുരെന്‍ ഛേത്രി വഴി കോമള്‍ പ്രൊഫഷണല്‍ തലത്തിലേക്കെത്തുകയായിരുന്നു. പരിശീലനത്തിന് വേണ്ടി എത്ര സമയം ചിലവഴിക്കാന്‍ വേണമെങ്കിലും മടിയില്ലാത്ത, ഏത് പൊസിഷനിലാണെങ്കിലും തന്റെ ദൗത്യം നന്നായി നിറവേറ്റുന്ന കോമളിനെ സുരെന്‍ ഛേത്രിക്ക് ഇഷ്ടപ്പെടാന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല. രാവിലെ ആറു മുതല്‍ എട്ടു വരെയുള്ള നിര്‍ബന്ധിത പരിശീലനത്തിന് ശേഷവും ഗ്രൗണ്ടില്‍ ചിലവഴിക്കുന്ന കോമള്‍ വൈകുന്നേരം നാല് വരെ ഫുട്ബോള്‍ കളിച്ചുകൊണ്ടേയിരിക്കും. നാംച്ചി അക്കാദമിയില്‍ വെച്ച് സുബ്രതോ മുഖര്‍ജി കപ്പിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ കപ്പിലും കോമള്‍ കളിച്ചു. 

മൂന്നു വര്‍ഷം മുമ്പ് എ.ഐ.എഫ്.എഫിന്റെ നിര്‍ദേശപ്രകാരം സുരെന്‍ ഗോവയിലെ അണ്ടര്‍-16 ക്യാമ്പിലേക്ക് കോമളിനെ അയച്ചു. അവിടെയും കളിമികവ് കൊണ്ട് കൈയടി നേടിയ കോമളിന് ബ്രിക്സ് ടൂര്‍ണമെന്റില്‍ കളിക്കാനുള്ള അവസരത്തിന് ഒട്ടും കാത്തിരിക്കേണ്ടി വന്നില്ല. ബ്രസീലിനെതിരെ ഗോള്‍ നേടിയതോടെ അവന്‍ ഹീറോ ആയി മാറുകയും ചെയ്തു. അന്നത്തെ ആ ചരിത്രഗോളിന് ശേഷം ബഗ്ദോഗ്രയിലേക്ക് തിരിച്ചുവന്ന കോമളിനെ സ്വീകരിക്കാന്‍ ഹോസ്റ്റലിലെ കൂട്ടുകാരെല്ലാം കാത്തിരിക്കുന്നുണ്ടായിരുന്നു. വെസ്റ്റ് ബംഗാള്‍-സിക്കിം ബോര്‍ഡറിലെ ചെക്ക് പോസ്റ്റില്‍ 150ഓളം കുട്ടികളാണ് കോമളിനായി ഹര്‍ഷാരവം മുഴക്കിയത്. നാട്ടിലേക്ക് ഹീറോ ആയുള്ള കോമളിന്റെ ഒരു തിരിച്ചുവരവായിരുന്നു അത്. ഒട്ടും സംസാരിക്കാത്ത കോമളിനെ കൂട്ടുകാരെല്ലാം മിണ്ടാപ്പൂച്ച എന്നാണ് വിളക്കാറെങ്കിലും ഗ്രൗണ്ടിലെത്തുമ്പോള്‍ അതിന് നേരെ വിപരീതമാണ് കോമള്‍. ഗോളടിച്ച ശേഷമുള്ള വിജയാഘോഷം കണ്ടാല്‍ അറിയാം കോമള്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണെന്ന്. 

കുട്ടിക്കാലത്ത് ഒരു ബൂട്ടു കിട്ടാന്‍ കഷ്ടപ്പെട്ട അച്ഛന്റേയും അമ്മയുടേയും മുഖം മനസ്സിലുള്ളതിനാലാവും ഓരോ മത്സരശേഷവും തന്റെ ബൂട്ട് കോമള്‍ സൂക്ഷിച്ചുവെക്കുന്നത്. ഇങ്ങിനെ ഒരു വലിയ ബൂട്ടുശേഖരം ഉണ്ടാക്കാനും കോമളിന് പദ്ധതിയുണ്ട്. ആറു ജോഡി ഷൂ വരെ എത്തിനില്‍ക്കുന്ന ആ കൂട്ടത്തിലേക്ക് ലോകകിരീടം നേടിയപ്പോള്‍ അണിഞ്ഞ ബൂട്ടു കൂടി ചേര്‍ത്തുവെയ്ക്കണമെന്നാണ് കോമളിന്റെ ഏറ്റവും വലിയ ആഗ്രഹം.

 
Spors Masikaഈ ലക്കത്തെ സ്‌പോര്‍ട്‌സ് മാസിക വാങ്ങിക്കാം