ഇംഫാല്‍: 'ഉപ്പാ, എനിക്കൊരു ബൂട്ട് വാങ്ങിത്തരുമോ?' 'ബൂട്ട്...മേലാല്‍ ഇക്കാര്യം ചോദിച്ച് എന്റടുത്ത് വരരുത്' കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു. വീണ്ടും മകന്‍ അച്ഛന്റെ അരികിലെത്തി.

'ഉപ്പാ, എന്തായാലും എനിക്കൊരു ബൂട്ട് വേണം. എനിക്ക് ഫുട്‌ബോള്‍ കളിക്കണം' ഉപ്പ മകനെ സൂക്ഷിച്ചുനോക്കി. അവന്റെ കണ്ണുകളില്‍ നിശ്ചയദാര്‍ഢ്യം. 'വാങ്ങിത്തരാം, പക്ഷേ, എവിടെ വരെയെത്തും, ലോകകപ്പ് കളിക്കുമോ?' 'അല്ലാഹു എനിക്ക്് ആയുസ്സ് തരുമെങ്കില്‍ ഞാന്‍ ലോകകപ്പ് കളിക്കും..' കൃത്യത്തിന് ആ സമയത്താണ് ഉപ്പയ്ക്ക് അസം റൈഫിള്‍സില്‍ തയ്യല്‍ജോലി കിട്ടുന്നത്. ഉപ്പ മകന് ബൂട്ട് വാങ്ങിക്കൊടുത്തു. 250 രൂപയായി. 

ഇന്ന് അവന്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ താരമാണ്-മുഹമ്മദ് ഷാജഹാന്‍. അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ ടീമംഗം. അന്ന്, മകന് വാങ്ങിക്കൊടുക്കാന്‍ വൈകിപ്പോയ ബൂട്ടിനെക്കുറിച്ചോര്‍ക്കുമ്പോള്‍, ഉപ്പ മുഹമ്മദ് അബ്ദുള്‍ മനാഫിന് വിഷാദം കലര്‍ന്ന ഒരു ചെറുപുഞ്ചിരി.
 
ഇംഫാല്‍ ഹാഫിസ് ഹത്ത ബസാറിനികിലെ വീട്ടിലേക്കെത്തുമ്പോള്‍, ഒരു ബോര്‍ഡാണ് ആദ്യം ശ്രദ്ധയില്‍പ്പെടുക-ഷാജഹാന്‍ ഡ്രസസ്. ഷാജഹാന്‍ ജനിച്ച വര്‍ഷത്തില്‍ തുടങ്ങിയ തയ്യല്‍ കടയാണ്.
 
'അവന്‍ ജനിച്ചപ്പോഴാണ് ഈ വീടിന്റെ ഭാഗ്യം തെളിഞ്ഞത്. അതിനുമുമ്പ് ഞാനും കുടുംബവും ജീവിച്ചത് അത്രയും കഷ്ടപ്പെട്ടാണ്'-മനാഫ് പറഞ്ഞു.

മനാഫിന് എട്ട് മക്കളാണ്, നാലാണും നാലു പെണ്ണും. ഏറ്റവും ഇളയവന്‍ ഷാജഹാന്‍. മൂന്ന് പെണ്‍കുട്ടികളുടെ നിക്കാഹ് കഴിഞ്ഞു.

ഇംഫാലില്‍ നടന്ന ഒരു ജൂനിയര്‍ ടൂര്‍ണെന്റില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ഷാജഹാന്‍ ശ്രദ്ധിക്കപ്പെടുന്നത്, ഉപ്പയ്ക്കും ബോധ്യപ്പെടുന്നത്. പിന്നീട് ഗോവയില്‍ നടന്ന ഇന്ത്യന്‍ ക്യാമ്പിലേക്ക്. അവിടെവെച്ച്, ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഉപ്പയോട് സംസാരിച്ചുനില്‍ക്കുമ്പോഴാണ് പൊടുന്നനെ ഷാജഹാന്‍ പ്രത്യക്ഷപ്പെട്ടത്. എ.എഫ്.സി. കപ്പ് യോഗ്യതാ റൗണ്ട് കളിക്കാന്‍ സൗദിയിലേക്ക് പുറപ്പെട്ടു എന്നാണ് കരുതിയത്. പക്ഷേ, പാസ്‌പോര്‍ട്ട് ശരിയായിട്ടില്ല. വന്നയുടന്‍ ഷാജഹാന്‍ രംഗമേറ്റെടുത്തു.

shanavas
ഷാനവാസ് കുടുംബാംഗങ്ങൾക്കൊപ്പം. ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ | മാതൃഭൂമി

ഷാജഹാന്‍, എങ്ങനെയുണ്ടായിരുന്നു ഇന്ത്യ ആദ്യമായി പങ്കെടുത്ത ലോകകപ്പ്?

ഇത്രയും വലിയ അനുഭവമുണ്ടാകുമെന്ന് കരുതിയില്ല. ഇന്ത്യ ആദ്യമായി പങ്കെടുക്കുന്ന ലോകകപ്പില്‍ കളിക്കുക. എല്ലാവരും ത്രില്ലിലായിരുന്നു.

ക്യാപ്റ്റനെ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയല്ലോ. എന്തായിരുന്നു ആ അനുഭവം

ഞങ്ങള്‍ എട്ട് പേര്‍ മണിപ്പുരില്‍ നിന്നല്ലേ. ഒരു മണിപ്പുര്‍ കളിക്കാരന്‍ തന്നെയല്ലേ ക്യാപ്റ്റനാവേണ്ടത്. പക്ഷേ, അമര്‍ജിത് സിങ് കിയാം അത് അര്‍ഹിച്ചിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും എളിമയുള്ള ആളായിരുന്നു അമര്‍ജിത്. ഞങ്ങളെല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു.

ഞങ്ങളുടെ നാട്ടില്‍നിന്നും ഒരു താരമുണ്ടായിരുന്നു, രാഹുല്‍. രാഹുലുമായുള്ള അടുപ്പമെങ്ങനെ?

രാഹുല്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഞങ്ങള്‍ ഒരുമിച്ച് താമസിച്ചു.

കൊളംബിയക്കെതിരെ ജീക്ക്‌സണ്‍ സിങ് ഗോളടിച്ചു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യഗോള്‍. പക്ഷേ, തൊട്ടടുത്ത മിനിറ്റില്‍ കൊളംബിയ തിരിച്ചടിച്ചു. എന്താണ് സംഭവിച്ചത?

ആദ്യഗോളിന്റെ ത്രില്ലിലായിരുന്നു എല്ലാവരും. അപ്പോള്‍ സംഭവിച്ച ഒരു പിഴവാണ്. തിരിച്ച് ഗോള്‍ വീണപ്പോള്‍ ഞങ്ങള്‍ നിശ്ശബ്ദരായിപ്പോയി.

ഈ ലോകകപ്പ് ഇന്ത്യക്ക് നല്‍കുന്ന പാഠമെന്താണ്?

ആദ്യത്തെ ലോകകപ്പല്ലേ. ഇന്ത്യ വലുതായൊന്നും നേടുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ലല്ലോ. പക്ഷേ, രാജ്യത്തിന് മൊത്തത്തില്‍ ഈ ലോകകപ്പ് ഗുണം ചെയ്യും. ഈ കളിക്കാരെ വെച്ചുതന്നെ സീനിയര്‍ ടീമിനെ രൂപപ്പെടുത്താനാവും.