ന്യൂഡല്‍ഹി: രാജ്യം ആദ്യമായി ആഥിത്യം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ റെക്കോര്‍ഡ് നേട്ടത്തിനരികെയാണ് ഇന്ത്യന്‍ കാണികള്‍. ഏറ്റവും കൂടുതല്‍ കാണികള്‍ എത്തിയ അണ്ടര്‍ 17 ലോകകപ്പ് എന്ന റെക്കോര്‍ഡിലേക്കാണ് ഇന്ത്യ എത്തിക്കൊണ്ടിരിക്കുന്നത്. 1985-ലെ ചൈനയുടെ പേരിലുള്ള റെക്കോര്‍ഡാണ് ഇന്ത്യന്‍ കാണികള്‍ മറികടക്കാനൊരുങ്ങുന്നത്. 

ലോക കപ്പിലെ അവസാന പ്രീ-ക്വാര്‍ട്ടറായ ബ്രസീല്‍-ഹോന്‍ഡുറാസ് മത്സരം വരെ 1,007,396 പേരാണ് മത്സരം കാണാനായി എത്തിയത്. കൊച്ചിയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറു സ്റ്റേഡിയങ്ങളിലായി എത്തിയവരാണിവര്‍.   അണ്ടര്‍ 17 ലോകകപ്പ് ടൂര്‍ണ്ണമെന്റ് ആരംഭിച്ച 1985-ല്‍ 1,230,976 പേരെ കളികാണാനെത്തിച്ചാണ് ചൈന റെക്കോര്‍ഡിട്ടിട്ടുള്ളത്. 

നടന്നുകൊണ്ടിരിക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലുകളും സെമി ഫൈനല്‍,ഫൈനല്‍ മത്സരങ്ങളും കഴിയുന്നതോടെ ചൈനയുടെ പേരിലുള്ള റെക്കോര്‍ഡ് ഇന്ത്യ മറിക്കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫുട്‌ബോള്‍ വിപ്ലവത്തിന് തുടക്കമിടുന്ന ഇന്ത്യക്ക് ഇതൊരു സുപ്രധാന നേട്ടമായിരിക്കുമെന്ന് ടൂര്‍ണ്ണമെന്റ് ഡയറക്ടര്‍ ജാവീര്‍ സെപ്പി പറഞ്ഞു. 

രാജ്യം ഫുട്‌ബോളിനെ ഏറ്റെടുത്തിരിക്കുകയാണ്. 2017ലെ ഫിഫ അണ്ടര്‍17 ലോകകപ്പ് ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഒരു ഉദ്യമമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആരാധകരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് ഗോവ, ഗുവഹത്തി, കൊച്ചി,നവി മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്ത കോംപ്ലിമെന്ററി ടിക്കറ്റുകളില്‍ ഒരു ഭാഗം തങ്ങള്‍ തിരിച്ച് വിളിച്ച് പൊതുജനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.