' പന്തിനൊപ്പം നീ രാത്രിയില്‍ ഉറങ്ങുക, എപ്പോഴും നിന്റെ സഹയാത്രികന്‍ ഈ പന്തായിരിക്കും, അതിനുള്ളില്‍ നീ നിന്റെ ജീവിതം നിറയ്ക്കുക' മൂന്നു വര്‍ഷം മുമ്പ് ലോകകപ്പ് ട്രോഫി ടൂര്‍ കൊല്‍ക്കത്തയില്‍ എത്തിയപ്പോള്‍ അഭിജിത് സര്‍ക്കാറിന് ഒരു ഫുട്‌ബോള്‍ സമ്മാനമായി നല്‍കി ബ്രസീല്‍ ഇതിഹാസ താരം കാര്‍ലോസ് ആല്‍ബെര്‍ട്ടോ ടോറസ് പറഞ്ഞ വാക്കുകളാണിത്. അന്ന് മുതല്‍ ചുവപ്പും വെള്ളയും കളങ്ങളുള്ള, ബ്രസീല്‍ എന്നെഴുതിയ ആ പന്തായിരുന്നു അഭിജിത്തിന്റെ ജീവവായു. അത് കെട്ടിപ്പിടിച്ചുറങ്ങി അവന്‍ മനോഹരമായ സ്വപ്‌നങ്ങളിലേക്ക് ഉണര്‍ന്നു. അണ്ടര്‍-17 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ സ്റ്റാര്‍ സ്‌ട്രൈക്കറായി വരെ എത്തി നില്‍ക്കുന്നു ആ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിമിഷങ്ങള്‍. 

ഇറ്റാലിയന്‍ ടീമിനെതിരെ ഇന്ത്യ രണ്ട് ഗോളിന് വിജയിച്ചപ്പോള്‍ അതില്‍ ഒരു ഗോള്‍, ലാസിയോ കപ്പില്‍ വാല്‍മൊന്റോണ്‍ സിറ്റിക്കെതിരെ ഹാട്രിക്...പതിനേഴുകാരന്റെ കാലിന് കളിയഴകുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ആ രണ്ട് മത്സരങ്ങളും. ഒക്ടോബര്‍ ആറിന് അമേരിക്കയ്‌ക്കെതിരെ ഇന്ത്യ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ആ പതിനൊന്നംഗ സംഘത്തില്‍ അഭിജിതിന്റെ ബൂട്ടുകളുമുണ്ടാകും. അതുറപ്പാണ്.

പതിനേഴ് വര്‍ഷം ജീവിച്ച സാഹചര്യങ്ങള്‍ അഭിജിത്തിന്റെ കാലുകളെ ഒരിക്കലും തളര്‍ത്താനാവത്ത പരുവത്തിലാക്കിയെടുത്തിട്ടുണ്ട്. ദാരിദ്ര്യത്തിലും പട്ടിണിയിലും വളര്‍ന്ന, മൂക്കലൊപ്പിച്ച് നടന്ന കുട്ടികള്‍ പില്‍ക്കാലത്ത് ഫുട്‌ബോളിലൂടെ നേടുന്ന വിജയങ്ങള്‍ ഭൂമിയില്‍ എല്ലായിടത്തും ഒരു പോലെത്തന്നെയാണ് എന്ന് അഭിജിത്തിനെ കാണുമ്പോള്‍ നമ്മള്‍ തിരിച്ചറിയും. കടല മോഷ്ടിച്ച പെലെ മുതല്‍ സോഡ വിറ്റു നടന്ന ഐ.എം വിജയന്‍ വരെ ദാരിദ്ര്യത്തിന്റെ പാടുകളുള്ള പന്ത് തട്ടിക്കളിച്ചാണ് വളര്‍ന്നത്. മറഡോണയും ക്രൈഫും റൊണാള്‍ഡീഞ്ഞോയുമെല്ലാം അതിന്റെ ചങ്ങലക്കണ്ണികളാണ്. 

Abhijit Sarkar

ആ ചങ്ങലക്കണ്ണിയുടെ ഇങ്ങേ അറ്റത്തുള്ള അഭിജിത് ദുരിതങ്ങള്‍ മാത്രം നിഴലിച്ച് നില്‍ക്കുന്ന ഹൂഗ്ലിയിലെ ബന്തേലിലാണ് ജനിച്ചുവീണത്. നഗരത്തിന്റെ വിഴുപ്പ്ഭാണ്ഡം പേറുന്ന, നാറുന്ന ബന്തേല്‍ തെരുവില്‍. റിക്ഷാവലിക്കാരനായ അച്ഛന്‍ ഹേരാന്‍ സര്‍ക്കാറും 25 രൂപ ദിവസക്കൂലിക്ക് ബീഡി തെറുക്കുന്ന അമ്മ അലോക സര്‍ക്കാറും. പുലര്‍ച്ചെ ചൗക ബസാറില്‍ റിക്ഷ വലിക്കാന്‍ പോവുന്ന ഹേരാന് ഒരു ദിവസം ലഭിക്കുക 150 രൂപയാണ്. അതുകൊണ്ടുതന്നെ ഒരു ദിവസത്തെ വിശപ്പ് 175 രൂപയുടെ ചുക്കിച്ചുളിഞ്ഞ നോട്ടിലും വിയര്‍പ്പൊട്ടിയ നാണയത്തുട്ടിലും അടക്കിവെക്കാന്‍ ചെറുപ്പത്തിലേ അഭിജിത് പഠിച്ചിരുന്നു.

അമ്മയും അച്ഛനും ജോലിക്ക് പോകുമ്പോള്‍ ചേരിയിലെ തെരുവില്‍ കൂട്ടുകാരോടൊപ്പം പന്ത് തട്ടിക്കളിച്ചാണ് അഭിജിത് വളര്‍ന്നത്. അഞ്ചാം വയസ്സില്‍ തുടങ്ങിയ അഭിജിതിന്റെ പന്തിനൊപ്പം സഞ്ചരിക്കാന്‍ ആ 150 രൂപ തികയുമായിരുന്നില്ല. പന്തുമായി പോസ്റ്റിലേക്ക് കുതിക്കുന്നതിനിടയില്‍ എതിരാളിയുടെ കെണിയില്‍ ഗ്രൗണ്ടില്‍ മലര്‍ന്നടിച്ച് വീണവനെപ്പോലെയായി അഭിജിത്. എന്നാല്‍ വീണവന് നേരെ കൈ നീട്ടാന്‍ അശോക് മൊണ്ഡലെന്ന പരിശീലകനുണ്ടായിരുന്നു. 

അഭിജിതിന്റെ അമ്മാവന്റെ മകന്‍ ബിശ്വജിത് സര്‍ക്കാര്‍ വഴിയാണ് അശോക് മൊഢലിനരികില്‍ അഭിജിതെത്തുന്നത്. സ്‌ട്രൈക്കറും ലെഫ്റ്റ് ബാക്കുമായി ഒരുപോലെ കൊല്‍ക്കത്തയിലെ ലോക്കല്‍ ക്ലബ്ബുകളില്‍ കളിച്ചിരുന്ന ബിശ്വജിത് കുഞ്ഞു അഭിജിതിനെയും കൂട്ടി ലെനിന്‍ പാലിയിലെ ബണ്ഡെല്‍ ബനിചക്ര ക്ലബ്ബിലെത്തി. അന്ന് തന്റെ മുന്നില്‍ കണ്ണുമിഴിച്ച് നിന്ന ആ എട്ടു വയസ്സുകരാന്‍ ഇപ്പോഴും അശോക് മൊണ്ഡലിന്റെ ഓര്‍മയിലുണ്ട്. 

അഭിജിതില്‍ നിന്ന് വഴിമാറി അശോകിന്റെ ജീവിത്തിലെ ഫ്രെയിമുകള്‍ അന്വേഷിച്ചു പോയാല്‍ അതിലും സംഭവബഹുലമായ കഥയാണ് നമുക്ക് മുന്നിലെ സ്‌ക്രീനില്‍ തെളിയുക. ഫുട്‌ബോളിന് വേണ്ടി ചങ്കു പറിച്ചുകൊടുത്ത കൊല്‍ക്കത്തക്കാരനാണ് അശോക്. സ്വന്തമായി ഒരു ടീമിനെ ഉണ്ടാക്കിയെടുക്കണമെന്ന് അതിയായി ആഗ്രഹിച്ച ഒരു ഫുട്‌ബോള്‍ സ്‌നേഹി. വിവാഹം പോലും കഴിക്കാതെ ഫാക്ടറി ജോലിക്കാരനായും ടോട്ടോ ഡ്രൈവറായും അറുപതോളം കുട്ടികളെ സ്വന്തം ചിലവില്‍ അശോക് പരിശീലിപ്പിച്ചെടുത്തു.

ആ അറുപത് കുട്ടികളില്‍ ഒരാളായി എത്തിയ അഭിജിതിനെ അശോക് സ്ട്രൈക്കറായും  റൈറ്റ് ഹാഫായും ഡിഫന്‍ഡറായും മിഡ്ഫീല്‍ഡറായും ഗ്രൗണ്ടിലേക്ക് പറഞ്ഞുവിട്ടു. അങ്ങനെ ഫുട്‌ബോളില്‍ സാധ്യമായ പൊസിഷനിലെല്ലാം അഭിജിത് തന്റെ രണ്ടു ബൂട്ടുകള്‍ക്കുള്ളിലാക്കി. പക്ഷേ ഒരു സ്‌ട്രെക്കറായി മാറുമ്പോഴാണ് അഭിജിതിന്റെ ബൂട്ടുകള്‍ക്ക് കൂടുതല്‍ ആനന്ദമെന്ന് തിരിച്ചറിഞ്ഞ അശോക് പിന്നീട് അവനെ പൊസിഷന്‍ മാറ്റിക്കളിപ്പിച്ചില്ല.  രണ്ടു, മൂന്നു വര്‍ഷത്തെ പരിശീലനത്തിനുള്ളില്‍ ഒരു മികച്ച ഫിനിഷറായി അഭിജിത് മാറിക്കഴിഞ്ഞിരുന്നു. ലോക്കല്‍ ടൂര്‍ണമെന്റുകളില്‍ അഭിജിത് കളിക്കാനുണ്ടെങ്കില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം മറ്റാര്‍ക്കും ലഭിക്കില്ലെന്ന അവസ്ഥ വന്നു. 

ഏകദേശം അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഭിജിത് പ്രൊഫഷണല്‍ താരത്തിലേക്കുള്ള ചുവടുമാറ്റം തുടങ്ങിയത്. ബംഗാള്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ അഭിജിതിനെയും കൂട്ടി അശോക് പോയി. അംതയില്‍ നടന്ന ആദ്യ ട്രയലില്‍ അഭിജിതും മറ്റു അഞ്ചു പേരും യോഗ്യത നേടിയ എന്നാല്‍ ബെല്‍ഗേരിയയിലെ രണ്ടാം ട്രയല്‍സില്‍ അഭിജിത്., സുദിപ്ത മലാക്കര്‍, സഞ്ജീവ് മണ്ഡല്‍ എന്നിവര്‍ക്ക് മാത്രമേ അടുത്ത റൗണ്ടിലെത്താനായുള്ളു. കല്യാണിയില്‍ നടന്ന അവസാന റൗണ്ടും വിജയിച്ച അഭിജിത് ഗുരുവിന്റെ ആശീര്‍വാദത്തോടെ ഗോവയിലെത്തി. അങ്ങനെ അശോകിന്റെ ചിറകില്‍ നിന്ന് അഭിജിത് പുതിയ ആകാശങ്ങള്‍ തേടിയുള്ള യാത്ര ആരംഭിച്ചു. 

125 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ നിന്ന് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ പത്ത് പേരോടൊപ്പം അവസരം ലഭിച്ചതിലും വലുതായി അഭിജിത് മറ്റൊന്നിനെയും കാണുന്നില്ല. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെപ്പോലെ കളിച്ച് ഒരുനാള്‍ റയല്‍ മാഡ്രിഡിനായി കളിക്കണമെന്ന മാനംമുട്ടെയുള്ള സ്വപ്‌നമാണ് പതിനേഴുകാരന്റെ മനസ്സിലുള്ളത്. ഒരുപക്ഷേ ആ സ്വപനത്തെ സ്പര്‍ശിക്കാന്‍ അഭിജിതിന് കഴിഞ്ഞില്ലെന്ന് വരാം. പക്ഷേ നിറം മങ്ങിയ, വിയര്‍പ്പൊട്ടിയ ഭൂതകാലത്തെ മറികടന്ന് ആനന്ദതീവ്രതയോടെ പന്തുതട്ടുമ്പോള്‍ ചുട്ടുപൊള്ളുന്ന മനസ്സുകളില്‍ പ്രത്യാക്ഷയുടെ വേര് മുളപ്പിക്കാന്‍ അവന് കഴിയുന്നുണ്ട്. 

sports masikaഈ ലക്കത്തെ സ്‌പോര്‍ട്‌സ് മാസിക വാങ്ങിക്കാം