ഇംഫാല്‍: അകത്തുനിന്ന് ഒരു മുത്തശ്ശി അവശതയോടെ ഇറങ്ങിവരുന്നു. അമ്മയെ ചൂണ്ടി മകന്‍ പറഞ്ഞു:''അമ്മയാണ് ഈ വീടിന്റെ ഏകവരുമാനം.''അതെങ്ങനെ? ഈ മുത്തശ്ശി ജോലിക്കുപോകുമോ? അതൊരു പെന്‍ഷന്റെ കഥയാണ്. 

മുത്തശ്ശിയുടെ ഭര്‍ത്താവ് വനംവകുപ്പില്‍ ജോലിക്കാരനായിരുന്നു. മരിച്ചുപോയി. ചെറിയൊരു പെന്‍ഷന്‍ കിട്ടുന്നുണ്ട്. അതുകൊണ്ടാണ് ഈ കുടുംബം അരിഷ്ടിച്ച് കഴിഞ്ഞുപോകുന്നത്. ഇത് ബോറിസ് സിങ് താങ്ജാമിന്റെ കുടുംബം. അണ്ടര്‍-17 ഫിഫ ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമിലംഗമാണ് ബോറിസ്. 

മണിപ്പുര്‍ തലസ്ഥാനത്തുനിന്ന് അധികം അകലെയല്ലാത്ത, പണിതീരാത്ത വീട്ടിലിരുന്ന് അച്ഛന്‍ മൊഹേഷ് മകനെക്കുറിച്ച് സംസാരിച്ചു. വീടിന്റെ സ്വീകരണമുറിയില്‍ തന്നെയാണ് അടുക്കള. ബോറിസിന്റെ അമ്മ തങ്ജം തമ്പാദേവി ഓടിനടന്ന് ജോലിചെയ്യുന്നു. ബോറിസിന്റെ സഹോദരി റിന തങ്ജം ബി.എ. ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി. 

മൊഹേഷിന്റെ ചേട്ടന്റെ മകള്‍ ഭക്തയെയും ഈ കുടുംബം സംരക്ഷിക്കുന്നു. ഭക്തയുടെ അച്ഛന്‍ നേരത്തേ മരിച്ചു. തമ്പാദേവി നന്നായി പാചകംചെയ്യും. ഭക്ഷണമുണ്ടാക്കി പുറത്തുകൊടുത്ത് കുറച്ച് കാശു സമ്പാദിച്ചിരുന്നു. അസുഖബാധിതയായതോടെ അതു നിന്നു. പിന്നീട് മൊഹേഷിന്റെ അമ്മ തങ്ജം ബിനോയുടെ പെന്‍ഷനായി ഏക ആശ്രയം.

ബോറിസിന്റെ കുഞ്ഞുനാളിലെ പടങ്ങളുള്ള ആല്‍ബങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി കണ്ടുപിടിക്കാനുള്ള തിരക്കിലാണ് റിനയും ഭക്തയും. മകന് കലശലായ ഫുട്ബോള്‍ ഭ്രമം. പന്തു കിട്ടാനില്ലാത്തതിനാല്‍ അവന്‍ ടെന്നീസ് പന്തുകൊണ്ട് ഫുട്ബോള്‍ കളിച്ചുനടക്കുന്നത് അച്ഛന്‍ നോക്കിനിന്നു. അവനെ ഒരു നല്ല ജോലിക്കാരനാക്കണമെന്ന് അച്ഛന്‍ നേരത്തേ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് കളിയെ അവഗണിച്ചു.

പക്ഷേ, അവന്‍ വിടാന്‍ ഭാവമില്ലായിരുന്നു. അടുത്ത സ്ഥലങ്ങളിലൊക്കെ കളിക്കാന്‍ പോകും. മകന്‍ എങ്ങനെ കളിക്കുന്നു, അവന് ഫുട്ബോളില്‍ ഭാവിയുണ്ടോ എന്നൊക്കെയറിയണമല്ലോ. അതുകൊണ്ട് അച്ഛന്‍ മകന്റെ കളി ഒളിച്ചുനിന്ന് കാണാന്‍ തുടങ്ങി. പരിശീലനങ്ങളും ചില മത്സരങ്ങളിലെ പ്രകടനങ്ങളും കണ്ടപ്പോള്‍ ഉറപ്പിച്ചു, അവന്റെ വഴി ഫുട്ബോള്‍ തന്നെ. തന്റെ ഇരട്ടി പ്രായമുള്ള കുട്ടികളുമായി അവന്‍ പൊരിഞ്ഞ കളികളിക്കുന്നു. പിന്നെ, എല്ലാം മകന് വിട്ടുകൊടുത്തു. അങ്ങനെ അവന്‍ വളര്‍ന്നു. 17-ാം വയസ്സില്‍ രാജ്യമറിയുന്ന താരമായി. ഇന്ത്യ ആദ്യമായി പങ്കെടുത്ത ലോകകപ്പില്‍ കളിച്ചു. ബോറിസ് സിങ് ഇന്ന് ഇന്ത്യന്‍ അണ്ടര്‍-17 ടീമിന്റെ വിങ് ബാക്കാണ്. 

അഞ്ചു വയസ്സുള്ളപ്പോള്‍ മുതല്‍ ബോറിസ് ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ അത്ലറ്റിക്സിലും ഒരുകൈ നോക്കി. 400, 200 മീറ്ററുകളില്‍ മത്സരിച്ചു. ടെന്നീസും ബാഡ്മിന്റണും കളിക്കുമായിരുന്നു. ഒടുവില്‍ ഫുട്ബോള്‍ തന്നെയെന്നുറപ്പിച്ചു. ഒരുദിവസം, ബോറിസിന്റെ പരിശീലകന്‍ വീട്ടില്‍ വന്നുപറഞ്ഞു -''അവന് ഭാവിയുണ്ട്, പ്രോത്സാഹനം കൊടുക്കണം''. അതോടെ, മൊഹേഷ് മകന്റെ ആഗ്രഹങ്ങള്‍ക്കൊത്തു നീങ്ങി.

ബോറിസിന്റെ അമ്മ തമ്പാദേവി, ഇതിനിടെ ചായയുമായിവന്നു. അതും കുടിച്ച്് ആശംസകള്‍ നേര്‍ന്ന്, മുത്തശ്ശിയുടെ കൈകളില്‍ മുത്തവും കൊടുത്തായിരുന്നു മടക്കം.