വെംബ്ലി: യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് തോറ്റതിന് പിന്നാലെ പരിശീലകന്‍ ഗരെത് സൗത്‌ഗേറ്റിനെ ട്രോളി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വസീം ജാഫര്‍. ബോളിവുഡ് ചിത്രം ചക് ദേ ഇന്ത്യയിലെ ഷാരൂഖ് ഖാനോടാണ് വസീം സൗത്‌ഗേറ്റിനെ ഉപമിച്ചത്. ഷാരൂഖിന്റേയും സൗത്‌ഗേറ്റിന്റേയും ചിത്രം ചേര്‍ത്തുവെച്ച് 'ബോളിവുഡ് സിനിമയില്‍ ആയിരുന്നെങ്കില്‍ എന്നു മാത്രം' എന്നാണ് വസീം ജാഫറിന്റെ ട്വീറ്റ്‌.

ചിത്രത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം പരിശീലകനായ കബീര്‍ ഖാന്‍ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് ഖാന്‍ അവതരിപ്പിച്ചിരിക്കുന്നത്. മുന്‍ പുരുഷ ഹോക്കി താരമായ കബീര്‍ ഖാന്‍ നിര്‍ണായക മത്സരത്തില്‍ കളി ജയിപ്പിക്കേണ്ട പെനാല്‍റ്റി അവസരം നഷ്ടപ്പെടുത്തിയതിന് പ്രായശ്ചിത്തമായി വനിതാ ടീമിനെ ലോകകപ്പ് വിജയത്തിലേക്ക് എത്തിക്കുന്നതാണ് സിനിമ.

ഈ കഥ തന്നെയാണ് ഗരെത് സൗത്‌ഗേറ്റിന്റെ ജീവിതം. എന്നാല്‍ സൗത്‌ഗേറ്റിന് യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ വിജയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്ന വ്യത്യാസം മാത്രം. 1996 യൂറോ കപ്പ് സെമി ഫൈനലില്‍ അന്ന് ഇംഗ്ലണ്ട് താരമായിരുന്ന സൗത്‌ഗേറ്റ് പെനാല്‍റ്റി പാഴാക്കിയിരുന്നു, അന്ന് ടീം തോല്‍ക്കുകയും ചെയ്തു.

Content Highlights: Wasim Jaffers dig on Englands loss compares Gareth Southgate to Chak De Indias Kabir Khan