മ്യൂണിക്: ഓരോ മത്സരത്തിന് ശേഷവും യൂറോ കപ്പിൽ നടക്കുന്ന വാർത്താസമ്മേളനങ്ങൾ ചർച്ചയാകുന്നു. ഇത്തവണ യുക്രെയ്ൻ താരം ആൻഡ്രി യാർമൊലെങ്കോവിന്റെ ഒരു വീഡിയോ ആണ് ആരാധകർക്കിടയിൽ പ്രചരിക്കുന്നത്.

നോർത്ത് മാസിഡോണിയക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ യാർമൊലെങ്കോ കൊക്കോ കോളയുടേയും ഹെയ്നെകെൻ ബിയറിന്റേയും കുപ്പികൾ ചേര്‍ത്തുവെച്ച്, താൻ ഇത് രണ്ടിനും എതിരല്ലെന്ന് വ്യക്തമാക്കി. ഇരു കമ്പനികളോടും തന്നെ ബന്ധപ്പെടാനും യാർമൊലെങ്കോ പറഞ്ഞു. എന്നാൽ പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനൊ റൊണാൾഡോയേയും ഫ്രഞ്ച് താരം പോൾ പോഗ്ബയേയും യുക്രെയ്ൻ താരം പരിഹസിച്ചുവെന്നാണ് ആരാധകർ പറയുന്നത്.

ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാർത്താസമ്മേളനത്തിലാണ് ക്രിസ്റ്റിയാനോ റൊണാൾഡോ കൊക്കോ കോളയുടെ കുപ്പികൾ എടുത്തുമാറ്റിയത്. ശീതള പാനീയങ്ങൾക്ക് പകരം വെള്ളം കുടിക്കാനായിരുന്നു ക്രിസ്റ്റിയാനോയുടെ ആഹ്വാനം. ഇതിന് പിന്നാലെ കൊക്ക കോള കമ്പനി വലിയ നഷ്ടവും നേരിട്ടു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കമ്പനിയുടെ വിപണി മൂല്യത്തിൽ 520 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്.

ഇതിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെ മാർഗം പിന്തുടർന്ന് ഫ്രാൻസിന്റെ സൂപ്പർ താരം പോൾ പോഗ്ബയും രംഗത്തുവന്നു. ജർമനിക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിനിടെ മുന്നിലെ മേശയിലുള്ള ഹെയ്നെകെൻ കമ്പനിയുടെ ബിയർ കുപ്പി എടുത്തുമാറ്റിയാണ് പോഗ്ബ ക്രിസ്റ്റിയാനോയെ മാതൃകയാക്കിയത്.യൂറോ കപ്പിന്റെ പ്രധാന സ്പോൺസർമാരാണ് കൊക്കോ കോളയും ഹെയ്നെകെനും.

Content Highlights: Ukraines Andriy Yarmolenko Directs Dig At Cristiano Ronaldo Asks Coca Cola And Heineken To Contact Him Euro 2020